മുഖ്യപദവിയുടെ മധുരം നുണഞ്ഞ് നാട്ടുകാരുടെ ‘ചക്കര മൂട്ടൈ’
text_fieldsകോയമ്പത്തൂര്‍: തമിഴ്നാടിന്‍െറ കൊങ്കുമണ്ണില്‍നിന്ന് ആറ് ദശാബ്ദങ്ങള്‍ക്കുശേഷം മുഖ്യമന്ത്രിയാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ് എടപാടി കടൈക്കുട്ടി പളനിസാമിക്ക്. ഇതിനുമുമ്പ് 1962ലാണ് കൊങ്കുമേഖലയില്‍നിന്ന് സി. രാജഗോപാലാചാരി മുഖ്യമന്ത്രിയായത്. ഇരുവരും സേലം ജില്ലക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
കോയമ്പത്തൂര്‍, നാമക്കല്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മപുരി, നീലഗിരി, കൃഷ്ണഗിരി ജില്ലകള്‍ ഉള്‍പ്പെട്ട പശ്ചിമമേഖലയാണ് കൊങ്കു മണ്ഡലമായി അറിയപ്പെടുന്നത്. പരമ്പരാഗതമായി അണ്ണാ ഡി.എം.കെയെ പിന്തുണക്കുന്ന പ്രദേശം കൂടിയാണിത്. എം.ജി.ആര്‍ മരിച്ചശേഷം ജാനകി രാമചന്ദ്രന്‍-ജയലളിത എന്നിവരുടെ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ പിളര്‍ന്നപ്പോള്‍ ’89ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ അധികാരത്തില്‍ വന്നെങ്കിലും കൊങ്കുമേഖലയിലെ 27 സീറ്റില്‍ 14 സീറ്റും ജയലളിത പക്ഷമാണ് നേടിയത്. എടപാടി പളനിസാമി ആദ്യമായി നിയമസഭയിലത്തെുന്നത് ഈ തെരഞ്ഞെടുപ്പിലാണ്.
’83ല്‍ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്ന പളനിസാമി ’89ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ജയലളിതപക്ഷത്ത് ഉറച്ചുനിന്നു. ’89ല്‍ ജയലളിത വിഭാഗം സ്ഥാനാര്‍ഥിയായി എടപാടി നിയമസഭ മണ്ഡലത്തില്‍നിന്ന് ‘പൂവന്‍കോഴി’ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചു. പിന്നീട് 1991, 2011, 2016 വര്‍ഷങ്ങളില്‍ ഇതേ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998-’99 കാലയളവില്‍ തിരുച്ചെങ്കോട് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
’99, 2004 വര്‍ഷങ്ങളില്‍ പരാജയപ്പെട്ടു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടപാടി മണ്ഡലത്തില്‍ തോറ്റു. ശശികല കുടുംബാംഗം മന്നാര്‍ഗുഡി രാവണനുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് പളനിസാമിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്. 2011ലെ ജയലളിത മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി തിളങ്ങി. പന്നീര്‍സെല്‍വം കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടു. സംഘടന-ഭരണതലങ്ങളില്‍ ജയലളിത കൂടിയാലോചന നടത്തിയിരുന്ന ‘കിച്ചന്‍ കാബിനറ്റി’ല്‍ പളനിസാമിയും ഉള്‍പ്പെട്ടിരുന്നു.
ജയലളിത മന്ത്രിസഭയില്‍ നിരവധി അഴിച്ചുപണി നടന്നെങ്കിലും പുറത്താകാത്ത ചുരുക്കം മന്ത്രിമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. സേലം എടപാടി താലൂക്കിലെ പൂലംപട്ടി നെടുങ്കുളം സിലുവംപാളയം സ്വദേശിയായ ഈ 62കാരന്‍ ഈറോഡ് വാസവി കോളജില്‍നിന്ന് ബി.എസ്.സി ബിരുദപഠനം പൂര്‍ത്തിയാക്കാതെ കുടുംബകൃഷിയും ബിസിനസും ഏറ്റെടുക്കുകയായിരുന്നു. വെല്ലം മൊത്തവ്യാപാരിയായിരുന്നതിനാല്‍ നാട്ടുകാര്‍ പളനിസാമിയെ ‘ചക്കര മൂട്ടൈ’യെന്ന് (വെല്ല ചാക്ക്) സ്നേഹപൂര്‍വം വിളിച്ചിരുന്നു. കറുപ്പണ്ണ കൗണ്ടറുടെയും തൗസമ്മാളുടെയും മകനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം മൂന്നുപേരുടെ കൊലപാതകത്തില്‍ കലാശിച്ചിരുന്നു. പളനിസാമി ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസ് സാക്ഷികളുടെ കൂറുമാറ്റത്താല്‍ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.