'ഗോ കൊറോണ ഗോ'... പന്തം കത്തിച്ച് കൊറോണയെ 'തുരത്തി' മധ്യപ്രദേശ് ഗ്രാമവാസികൾ
text_fieldsഭോപാൽ: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ 'ഗോ കൊറോണ ഗോ' മന്ത്രത്തിന് പിന്നാലെ ചൂട്ടുംകത്തിച്ച് മുദ്രാവാക്യം മുഴക്കി കൊറോണയെ 'തുരത്തിയോടിച്ച്' മധ്യപ്രദേശിലെ ഗ്രാമവാസികൾ. കൊറോണയോട് ഓടാൻ ആവശ്യെപ്പടുന്ന മുദ്രാവാക്യം മുഴക്കി ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച് ഓടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
അഗർ മാൽവ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച് തെരുവിലൂടെ 'ഭാഗ് കൊറോണ ഭാഗ് (ഓടൂ കൊറോണ ഓടൂ)' മുദ്രാവാക്യം മുഴക്കി ഓടുന്നതാണ് ദൃശ്യങ്ങൾ. ചൂട്ടുകൾ ശക്തിയിൽ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും വിഡിയോയിൽ കാണാം.
ഈ പ്രവർത്തിയിലൂടെ കോവിഡ് ശാപം തങ്ങളുടെ ഗ്രാമത്തിൽനിന്ന് ഒഴിഞ്ഞുപോകുമെന്ന് അവർ വിശ്വസിക്കുന്നു.
ഗ്രാമത്തിൽ ഒരു മഹാമാരി പടർന്നുപിടിച്ചാൽ എല്ലാ വീട്ടിൽനിന്നും ഒരാൾ ഇങ്ങനെ ചെയ്യണം. വീട്ടിൽനിന്ന് തീ കൊളുത്തുന്ന പന്തം ഗ്രാമാതിർത്തിയിൽ കൊണ്ടുകളയണം. ഇൗ ചടങ്ങായിരുന്നു ഞായറാഴ്ച നടന്നത്. എല്ലാവരും പന്തം കത്തിച്ച് ഗ്രാമത്തിന് പുറത്തുകൊണ്ടുകളഞ്ഞു. തങ്ങളുടെ മുതിർന്നവർ പറഞ്ഞുതന്നതാണിതെന്നും പ്രദേശവാസികൾ പറയുന്നു.
രണ്ടുമൂന്നുവർഷം മുമ്പ് ഗണേഷ്പുരയിൽ ഓരോ ദിവസവും ഓരോ വീട്ടിലായി ഒരു മരണം വീതം റിപ്പോർട്ട് ചെയ്തു. പനിവന്നായിരുന്നു കൂടുതൽ മരണം. ഇതോടെ ഒരു ഞായറാഴ്ച ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ പിന്നീട് ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടില്ല -ഗ്രാമവാസികളിൽ ഒരാൾ കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് പടർന്നുപിടിച്ച കഴിഞ്ഞവർഷം കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ 'ഗോ കൊറോണ ഗോ കൊറോണ' മുദ്രാവാക്യം വൈറലായിരുന്നു. ലോകം മുഴുവൻ ഗോ കൊറോണ ഗോ മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.