നിരോധനാജ്ഞയും പൊലീസ് ഇടപെടലും; ബാലറ്റ് പേപ്പറിലെ സമാന്തര വോട്ടെടുപ്പിൽനിന്ന് പിന്മാറി നാട്ടുകാർ
text_fieldsമുംബൈ: ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ സംശയമുന്നയിച്ച് നടത്താനിരുന്ന ബാലറ്റ് പേപ്പറിലെ സമാന്തര വോട്ടെടുപ്പിൽനിന്ന് പിന്മാറി മഹാരാഷ്ട്രയിലെ ഗ്രാമീണർ. സോലാപുർ ജില്ലയിലെ മൽശിറാസ് നിയമസഭ മണ്ഡലത്തിൽപെട്ട മാർകഡ്വാഡിയിലെ ഗ്രാമവാസികളാണ് ബാലറ്റ് പേപ്പർ വോട്ടെടുപ്പിൽനിന്ന് പിന്മാറിയത്. പൊലീസ് വിന്യാസവും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പിന്മാറ്റം. വ്യാഴാഴ്ചവരെ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എൻ.സി.പിയുടെ (എസ്.പി) ഉത്തംറാവു ജാൻകർ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാം സത്പുതേയെ പരാജയപ്പെടുത്തിയ മൽശിറാസ് മണ്ഡലത്തിന് കീഴിലാണ് മാർകഡ്വാഡി ഗ്രാമം. തെരഞ്ഞെടുപ്പിൽ ജാൻകർ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് മാർകഡ്വാഡി ഗ്രാമത്തിൽ ലീഡ് ലഭിച്ചതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. ഗ്രാമത്തിൽനിന്നും ഒരിക്കലും ബി.ജെ.പി സ്ഥാനാർഥി രാം സത്പുതെക്ക് ലീഡ് ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
രാം സത്പുതെക്ക് 1,003 വോട്ട് ലഭിച്ചെന്നാണ് കണക്ക്. എന്നാൽ, 150ലേറെ വോട്ട് ഗ്രാമത്തിൽനിന്ന് സത്പുതെക്ക് കിട്ടില്ലെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡാറ്റയെ വെല്ലുവിളിച്ച് ബാലറ്റ് പേപ്പറിലൂടെ സമാന്തര തെരഞ്ഞെടുപ്പ് നടത്തി ഇക്കാര്യം തെളിയിക്കാൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കടുത്ത നടപടികളുമായി ജില്ല ഭരണകൂടം രംഗത്തെത്തിയതോടെ ഗ്രാമവാസികൾ പിന്മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.