റഡാറിൽ നിന്ന് സിഗ്നൽ ലഭിച്ചു; അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു
text_fieldsമംഗളൂരു: ഉത്തര കന്നഡയിലെ അംഗോളക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ മംഗളൂരുവിൽ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ നിന്നും സിഗ്നൽ ലഭിച്ചുവെങ്കിലും മണ്ണിനടിയിലുള്ളത് ലോറിയാണെന്ന് ഉറപ്പിക്കാനായിട്ടില്ല.നിലവിൽ ഈ സ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ട് ഊർജിത തിരച്ചിൽ നടക്കുകയാണ്. റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രദേശത്ത് നിലവിൽ മഴയില്ലാത്തത് സുഗമമായി രക്ഷാപ്രവർത്തനം നടത്താൻ സഹായകരമാവുന്നുണ്ട്. നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളാണ്.
ദേശീയപാത 66ൽ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിൽ നടന്ന അപകടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച അപകടം നടന്നിട്ടും അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്. അപകടത്തിന്റെ ആഘാതം വിലയിരുത്തുന്നതിൽ അധികൃതർക്ക് വന്ന വീഴ്ചയാണ് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.