പാസ് മുഹൂർത്തം മുടക്കി; താലികെട്ട് രാത്രിയിൽ
text_fieldsമുള്ളേരിയ (കാസർകോട്): പാസ് മുഹൂർത്തം മുടക്കിയതോടെ അതിർത്തിയിൽ കുടുങ്ങിയ വധുവിന് രാത്രിയിൽ താലികെട്ട്. വരെൻറ വീട്ടിലെത്താൻ പാസ് ലഭിച്ചിട്ടും വധു അതിർത്തിയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ സമയത്തിന് താലി കെട്ടാനായില്ല. മംഗളൂരു പുള്ളൂരിലെ കുരുനാഥപ്പ-സാവിത്രി ദമ്പതികളുടെ മകൾ വിമലയും ദേലംപാടി പരേതനായ നാരായണ-ശ്രീദേവി ദമ്പതികളുടെ മകൻ പുഷ്പരാജും തമ്മിലെ വിവാഹമാണ് സമയത്ത് നടക്കാതെ പോയത്.
നാരമ്പാടി അമ്പലത്തിൽ തിങ്കളാഴ്ച പകൽ 1ന് ആയിരുന്നു വിവാഹം. മൂഹൂർത്തം തെറ്റിയെങ്കിലും തീയതി മാറ്റാതെ തിങ്കളാഴ്ച തന്നെ വിവാഹിതരായി. കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ തിങ്കളാഴ്ച രാവിലെ ആറിനുതന്നെ വധുവും സംഘവും എത്തിയിരുന്നു. വിവാഹം രണ്ടു മാസം മുമ്പാണ് തീരുമാനിച്ചത്. ലോക്ഡൗൺ മൂലം തീയതി മാറ്റാൻ തീരുമാനിച്ചെങ്കിലും ഓൺലൈൻ വഴി പാസ് ലഭിക്കാൻ തുടങ്ങിയതോടെ പാസിന് അപേക്ഷിച്ചു. മൂന്നു തവണ അപേക്ഷിച്ച ശേഷമാണ് കഴിഞ്ഞ ദിവസം പാസ് ലഭിച്ചത്. എന്നാൽ, പാസിലെ നൂലാമാലകൾ മൂലം അതിർത്തിയിൽ കുടുങ്ങുകയായിരുന്നു. ഇതേ കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സഹായിച്ചെന്നുമാണ് ദമ്പതികളും കുടുംബവും പറയുന്നത്.
തടഞ്ഞത് പാസില്ലാത്തതിനാല്‍ –കലക്ടര്‍
കാസർകോട്: പാസില്ലാത്തതിനാലാണ് വധുവിെന തടഞ്ഞതെന്ന് കലക്ടർ. മെഡിക്കല്‍ എമര്‍ജന്‍സി പാസിനാണ് പ്രതിശ്രുത വധു അപേക്ഷിച്ചത്. മെഡിക്കല്‍ പാസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇത് ഇല്ലാത്തതുകൊണ്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ നിരസിച്ചു.
ആ വിവരം അറിയാതെയാണ് മഞ്ചേശ്വരം തലപ്പാടി ചെക് പോസ്റ്റില്‍ തിങ്കളാഴ്ച രാവിലെ എത്തിയത്. നിശ്ചിത പാസില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തെറ്റ് മനസ്സിലാക്കിയ വധു രാവിലെ 11ന് ശേഷം ചെക്ക്പോസ്റ്റിലെ ഹെല്പ് ഡെസ്കില്‍ പാസിന് വീണ്ടും അപേക്ഷിച്ചു. അപേക്ഷയില്‍ സബ്കലക്ടര്‍/എ.ഡി.എം നടപടി സ്വീകരിക്കുകയും ചെയ്തു -കലക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.