നിയന്ത്രണങ്ങള്‍ നീങ്ങുന്നു; രാജ്യം ഇനി കൊറോണക്കൊപ്പം
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിെൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ നിയന്ത്രണങ്ങളും ഒന്നിന് പിറകെ ഒന്നായി എടുത്തുകളഞ്ഞ് രാജ്യം കൊറോണ വൈറസിനൊപ്പം നീങ്ങിത്തുടങ്ങി. മാര്‍ച്ച് 25 മുതല്‍ നടപ്പാക്കിയ ലോക്ഡൗണ്‍ രോഗവ്യാപനത്തെ തടഞ്ഞു നിര്‍ത്തിയില്ലെന്ന് മാത്രമല്ല സമൂഹവ്യാപനം വര്‍ധിപ്പിക്കുകകൂടി ചെയ്തപ്പോഴാണ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത്.
മാര്‍ച്ച് 24ന് രോഗബാധ തടയാനുള്ള മുന്നൊരുക്കങ്ങളൊന്നും നടത്താതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 21 ദിവസം കൊണ്ട് കൊറോണ വൈറസ് പടരുന്നത് തടയാന്‍ കഴിയുമെന്ന് അവകാശപ്പെട്ടത് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം തേടാതെയായിരുന്നു. എന്നാല്‍, വിമര്‍ശനം മറികടക്കാന്‍ എയിംസിലെ റിട്ട. പ്രഫസറും നിതി ആയോഗ് അംഗവുമായ ഡോ. വി.കെ. പോള്‍ ലോക്ഡൗണ്‍ തീരുമാനം സമയോചിതമായിരുന്നുവെന്നും രോഗബാധിതരുടെ എണ്ണം താഴോട്ടുവരുകയാണെന്നും അവകാശവാദമുന്നയിച്ചു. മേയ് 16ന് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പൂജ്യമാകുമെന്നും നിതി ആയോഗ് അംഗം പറഞ്ഞിരുന്നു. ഈ അവകാശവാദത്തെ പിന്തുണക്കുന്ന തരത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാളും ലോക്ഡൗണ്‍ വഴി രോഗബാധ കുറയുന്നതിെൻറ കണക്ക് അവതരിപ്പിച്ചു.
എന്നാല്‍, ലോക്ഡൗണിലൂടെ മൗലികാവകാശങ്ങള്‍പോലും നിഷേധിക്കുന്ന യുദ്ധസമാന സാഹചര്യം അടിച്ചേല്പിച്ചുവെങ്കിലും ആരോഗ്യമേഖലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനോ രോഗവ്യാപനം തടയാനോ നടപടിയെടുത്തില്ല. അതേസമയം, ലോക്ഡൗണിെൻറ മറവില്‍ സാമ്പത്തിക പരിഷ്കരണങ്ങളും രാമക്ഷേത്രവും അടക്കമുള്ള അജണ്ടകളുമായി വര്‍ധിത വീര്യത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയും ചെയ്തു.
രാജ്യത്ത് ഒരു രോഗിയുമില്ലാതെ കോവിഡ് തുടച്ചുനീക്കുമെന്ന് നിതി ആയോഗ് അംഗം പ്രവചിച്ച മേയ് 16ന് അതുവരെയുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മാത്രം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 25,000 കവിഞ്ഞു. 900 മരണങ്ങളും ഇവിടെമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം, ശതമാനക്കണക്കില്‍ മുംബൈയെ തോല്പിക്കുന്നതാണ് അഹ്മദാബാദിലെ കോവിഡ് മരണങ്ങള്. 2011ലെ സെന്‍സസ് പ്രകാരം 1.84 കോടി ജനങ്ങളുളള മുംബൈയില്‍ 900 പേര് മരിച്ചപ്പോള്‍ 55.7 ലക്ഷം ജനസംഖ്യയുള്ള അഹ്മദാബാദില്‍ മരണം 620 കടന്നു.
എണ്ണത്തില്‍ കുറവ് കാണിക്കാന്‍ ഡല്‍ഹിപോലുള്ള സംസ്ഥാനങ്ങള്‍ മരിച്ചു കൊണ്ടുവരുന്നവരുടെ കോവിഡ് പരിശോധന നിര്‍ത്തലാക്കുകയും ആശുപത്രികള്‍ തിരിച്ചുള്ള കോവിഡ് കണക്ക് പുറത്തുവിടുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ഡല്‍ഹിയിലെ മുഴുവന്‍ ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 14 ദിവസത്തെ ജോലിക്ക് ശേഷം നിര്‍ബന്ധമായ ക്വാറൻറീന് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് വിമാനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് ക്വാറൻറീന് ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞത്.
അതിന് പിറകെ വിദേശത്തുനിന്ന് വരുന്നവര്‍ക്കും ക്വാറൻറീന് വേണ്ടെന്ന് കേന്ദ്ര സമിതി ശിപാര്‍ശ ചെയ്തിരിക്കുകയാണ്. ഇത്രയും കാലം നടപ്പാക്കിയ നിയന്ത്രണങ്ങളത്രയും പാഴാക്കുന്നതിന് പിന്നില്‍ കൊറോണയൊത്ത് രാജ്യം മുന്നോട്ടുനീങ്ങണമെന്ന സര്‍ക്കാര്‍ നിലപാടാണ്. അന്തർസംസ്ഥാന തൊഴിലാളികളുടെ പലായനം വലിയ പ്രതിസന്ധിയായി സര്‍ക്കാറിനെ വേട്ടയാടിയത് ട്രെയിനുകള്‍ നിര്‍ലോഭം അനുവദിച്ച് പരിഹരിക്കാന്‍ തീരുമാനിച്ചതോടെ ഇനിയുള്ള കാലം കൊറോണക്കൊത്ത് മുന്നോട്ടുപോകാം എന്ന് നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.