അസമത്വത്തിന്‍റെ വൈറസ്; ലോക്ഡൗൺ വരുമാന അസമത്വം വർധിപ്പിച്ചെന്ന്
text_fieldsന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ വരുമാന അസമത്വം വർധിപ്പിച്ചുവെന്ന് പഠനം. സമ്പന്നരെ അതിസമ്പന്നരാക്കുകയും അഭ്യസ്ഥ വിദ്യരായ നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുകയും സ്ത്രീ -പുരുഷ എന്നിവരുടെ വരുമാന അസമത്വം വർധിപ്പിച്ചുവെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ ഓക്സ്ഫാം സ്വിറ്റ്സർലൻഡിലെ ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന് മുമ്പിൽവെച്ച റിേപ്പാർട്ടിൽ പറയുന്നു.
'അസമത്വത്തിന്‍റെ വൈറസ്' എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ രാജ്യത്തെ ശതകോടീശ്വരൻമാരുടെ സ്വത്ത് 35 ശതമാനം വർധിച്ചതായി പറയുന്നു. 84 ശതമാനം പേരുടെ വരുമാനത്തിൽ ഇടിവുണ്ടായി. 2020 ഏപ്രിലിൽ മാത്രം ഒാരോ മണിക്കൂറിലും1.7 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി.
മാർച്ച് 2020ൽ 100 ശതകോടീശ്വരൻമാരുടെ വരുമാനത്തിൽ വൻവർധനയുണ്ടായി. 'രാജ്യത്ത് അസമത്വം കടുത്തു. അവിദഗ്ധ തൊഴിലാളി 10,000 വർഷം തൊഴിലെടുത്താലും ലഭിക്കാത്തത് മുകേഷ് അംബാനി ഒരു മണിക്കൂർകൊണ്ട് സ്വന്തമാക്കി. അംബാനി മൂന്നുവർഷംകൊണ്ട് സമ്പാദിച്ചിരുന്നത് കോവിഡ് ലോക്ഡൗണിൽ ഒരു സെക്കൻഡിൽ സ്വന്തമാക്കി' -റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഗസ്റ്ററിൽ ലോകത്തിലെ നാലാമത്തെ ധനികനായി മുകേഷ് അംബാനി മാറിയിരുന്നു.
തൊഴിലും പണവും ഭക്ഷണവും താമസവുമില്ലാതെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. ആയിരത്തോളം കിലോമീറ്ററുകൾ നടന്നായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന പലായനം. നിരവധിപേർ ഈ യാത്രക്കിടെ മരിച്ചു.
ലോക്ഡൗൺ ആഘാതത്തെ തുടർന്ന് പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജിനെ സംബന്ധിച്ചും റിേപ്പാർട്ടിൽ പരാമർശിക്കുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പോലും സാധിക്കാത്ത നിരവധി പേർ രാജ്യത്തുണ്ട്. ഇതിൽ 30 ശതമാനത്തിലധികം പേർ സാമൂഹിക അകലം പോലും പാലിക്കാൻ സാധിക്കാതെ ഒറ്റമുറിയിൽ ജീവിക്കുന്നുണ്ടെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.