ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗൺ പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ െജയിൻ. തുടർച്ചയായ രണ്ടാംദിവസവും 1500 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പ്രതികരണം.
കൊറോണ വൈറസ് അല്ലെങ്കിൽ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ വർഷങ്ങളോളം ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ നാം അവയോടൊപ്പം ജീവിക്കാൻ ശീലിക്കണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
'ഇവിടെ ഇനിയൊരു ലോക്ഡൗണിന് യാതൊരു സാധ്യതയുമില്ല. നേരത്തേ അതിനുപിന്നിൽ ഒരു ലോജിക് ഉണ്ടായിരുന്നു. ആർക്കും വൈറസ് വ്യാപനം എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. നിങ്ങൾ എല്ലാ പ്രവർത്തനങ്ങളും 21 ദിവസത്തേക്ക് നിർത്തിവെച്ചാൽ ഞങ്ങൾ വൈറസിനെ തോൽപ്പിക്കാമെന്ന് പറഞ്ഞു. എന്നാൽ ലോക്ഡൗൺ വീണ്ടും തുടർന്നു. പക്ഷേ ഈ വൈറസ് ഇപ്പോഴും എവിടെയും പോയിട്ടില്ല. ഞാൻ കരുതുന്നു ലോക്ഡൗൺ ഒരു പരിഹാരമല്ല' -സത്യേന്ദർ ജെയിൻ പറഞ്ഞു.
അർഹരായ എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നാണ് വിദഗ്ധർ പറയുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആളുകൾ രണ്ടുമൂന്നുമാസം മാസ്ക് ധരിച്ചു. പിന്നീട് നിർത്തി. ഇത് തെറ്റാണ്. വൈറസ് എങ്ങനെ പെരുമാറുമെന്ന് അറിയില്ല. വൈറസ് നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാവരോടും മാസ്ക് ധരിക്കണമെന്ന് അഭ്യർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ട വാക്സിൻ വിതരണം രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്. ഏപ്രിൽ ഒന്നുമുതൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകും.
ഡൽഹിയിൽ പുതുതായി 1534 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 16ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണിത്. വ്യാഴാഴ്ച 1515 പേർക്കും ബുധനാഴ്ച 1254 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിസംബർ 24ന് ശേഷം ആദ്യമായാണ് കോവിഡ് ബാധിതരുടെ എണ്ണം 1000 കടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.