ലോക്കോ പൈലറ്റിന് ക്ലീൻചിറ്റ്
text_fieldsന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണമായത് സിഗ്നൽ സംവിധാനത്തിലുണ്ടായ പിഴവെന്ന് പ്രാഥമിക നിഗമനം. ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ ലൂപ് ലൈനിലൂടെ മുന്നോട്ടെടുത്തതെന്ന് ഗുഡ്സ് ട്രെയിനിൽ ഇടിച്ച കോറമാണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് മൊഴി നൽകി. പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ റെയിൽവേ ബോര്‍ഡ് ഓപറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് അംഗം ജയ വര്‍മ സിൻഹയാണ് ഞായറാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ പങ്കുവെച്ചത്. കോറമാണ്ഡൽ എക്സ്പ്രസ് ലോക്കോ പൈലറ്റ് കുറ്റക്കാരനല്ലെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പാതയിലൂടെയുള്ള അനുവദനീയ വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. കോറമാണ്ഡൽ എക്സ്പ്രസ് 128 കി.മീ വേഗത്തിലും യശ്വന്ത്പുർ-ഹൗറ സൂപ്പര്‍ഫാസ്റ്റ് മണിക്കൂറിൽ 126 കി.മീ വേഗത്തിലുമാണ് സഞ്ചരിച്ചിരുന്നത്. നാല് പാതകളാണ് അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നത്. മധ്യത്തിലൂടെ രണ്ട് മെയിൻ പാതകളും ഇരു വശത്തുമായി രണ്ട് ലൂപ് ലൈനുകളും. ആവശ്യമെങ്കിൽ നിർത്താനാണ് ലൂപ് ലൈൻ. അപകടസമയത്ത് രണ്ട് ഗുഡ്സ് ട്രെയിനുകൾ രണ്ട് ലൂപ് ലൈനുകളിലും ഉണ്ടായിരുന്നു. അതേസമയം, കോറമാണ്ഡൽ എക്സ്പ്രസിനും യശ്വന്ത്പുർ-ഹൗറ സൂപ്പർഫാസ്റ്റിനും പരമാവധി വേഗത്തിൽ കടന്നുപോകാൻ മെയിൻ പാതകൾ സജ്ജമായിരുന്നുവെന്നും ജയ വർമ വിശദീകരിച്ചു.
എന്നാൽ, കോറമാണ്ഡൽ എക്സ്പ്രസ് ലൂപ് ലൈനിലേക്ക് കയറി ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയാണുണ്ടായത്. ഗുഡ്സ് ട്രെയിനിൽ ഇരുമ്പ് അടക്കമുള്ള വസ്തുക്കളായതിനാൽ അപകടത്തിന്റെ ആക്കം കൂട്ടി. കോറമാണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ പോയ യശ്വന്ത്പുർ-ഹൗറ സൂപ്പർഫാസ്റ്റിന്റെ അവസാന ബോഗികളിൽ ഇടിക്കുകയായിരുന്നുവെന്നും റെയിൽവേ ബോർഡ് അംഗം വ്യക്തമാക്കി.
അതേ സമയം, ഒരു ട്രെയിൻ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും അത് കോറമാണ്ഡൽ എക്സ്പ്രസാണെന്നും റെയിൽവേ അറിയിച്ചു.
ബംഗളൂരു- ഹൗറ ട്രെയിനിന്റെ രണ്ടു ബോഗികൾ കോറമാണ്ഡൽ എക്സ്പ്രസിന്റെ മറിഞ്ഞ ബോഗികളിൽ ഇടിച്ചത് ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണെന്നും റെയിൽവേ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.