ലോക്കോ പൈലറ്റുമാർ സമരത്തിൽ; ചരക്കുനീക്കം സ്തംഭിക്കും
text_fieldsതിരുവനന്തപുരം: ഡ്യൂട്ടി ക്രമീകരണങ്ങളിലെ അപാകതകൾക്കെതിരെ ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ സമരത്തിന്. ജോലി സമയം 10 മണിക്കൂറായി കുറയ്ക്കാനുള്ള റെയിൽവേയുടെ ഉത്തരവ് സ്വയം നടപ്പാക്കുന്നതിനൊപ്പം ആഴ്ചയിലെ അവധിയിലും നിലപാട് കടുപ്പിക്കും.
ജോലി സമയം കുറക്കുന്നത് ചരക്കുനീക്കം തടസ്സപ്പെടുത്തുമെങ്കിൽ, പ്രതിവാര അവധി മെയിൽ-എക്സ്പ്രസ് ട്രെയിൻ സർവിസുകളെ ബാധിച്ചേക്കും.
ജോലിസമയം 10 മണിക്കൂറാക്കി ഉത്തരവിറങ്ങി വർഷങ്ങൾക്ക് പിന്നട്ടിട്ടും റെയിൽവേ കണ്ണടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഡ്യൂട്ടി സമയം സ്വയം കുറവ് വരുത്തി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങുന്നത്. മെയിൽ-എക്സ്പ്രസുകളിൽ ഒമ്പത് മണിക്കൂറാണ് നിലവിലെ ഡ്യൂട്ടി സമയം. എന്നാൽ ചരക്കുവണ്ടികളിൽ പത്തിന് മുകളിലാണ്. 10 മണിക്കൂർ കണക്കാക്കി ഡ്യൂട്ടി അവസാനിപ്പിക്കുന്നതോടെ ഗുഡ്സ് ട്രെയിനുകൾ വഴിയിലാകും.
ആഴ്ചയിലെ അവധിയിൽ ശനിയാഴ്ച ലോക്കോ സ്റ്റാഫുകൾ നിലപാട് കടുപ്പിക്കുന്നതും റെയിൽവേക്ക് തലവേദനയാകും. ‘വീക്ക്ലി ഓഫി’ന് പകരം 30 മണിക്കൂർ ’വീക്ക്ലി റെസ്റ്റാണ്’ ലോക്കോ പൈലറ്റുമാർക്ക് ലഭിക്കുന്നത്. ഒരു ഡ്യൂട്ടിക്ക് ശേഷം അടുത്ത ഡ്യൂട്ടിക്ക് കയറുന്നതിന് 16 മണിക്കൂർ ഇടവേളയുണ്ട്. 30 മണിക്കൂർ വീക്ക്ലി റെസ്റ്റിന് ശേഷം ഈ 16 മണിക്കൂർ ഇടവേള നിലവിൽ ലോക്കോ സ്റ്റാഫുകൾക്ക് ലഭിക്കുന്നില്ല.
ശനിയാഴ്ച മുതൽ ഇത് രണ്ടും ചേർത്ത് ചട്ടപ്രകാരമുള്ള 46 മണിക്കൂർ വീക്ക്ലി അവധിയെടുക്കാനാണ് ഇവരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.