ലോക്പോൾ മെഗാ സർവേ ഫലം; കേരളത്തിൽ ഭരണവിരുദ്ധ വികാരം, കർണാടകയിൽ അനുകൂലം
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് നേട്ടം ആവർത്തിക്കുമെന്നും കർണാടകയിൽ തനിച്ചു മത്സരിക്കുന്ന കോൺഗ്രസ് വൻ തിരിച്ചുവരവ് നടത്തുമെന്നും ലോക്പോൾ മെഗാ സർവേ റിപ്പോർട്ട്. കേരളത്തിൽ 18 മുതൽ 20 വരെ സീറ്റ് യു.ഡി.എഫിന് ലഭിക്കും. രണ്ടു സീറ്റുവരെ എൽ.ഡി.എഫിനും ലഭിക്കാനാണ് സാധ്യതയെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നുമാണ് സർവേ ഫലം.
കേരളത്തിൽ ഭരണവിരുദ്ധ വികാരവും കർണാടകയിൽ ഭരണാനുകൂല വികാരവുമാണ് സർവേയിലെ കണ്ടെത്തൽ. കേരളത്തിൽ പ്രകടമായ ഭരണവിരുദ്ധതയാൽ മധ്യവർഗ വോട്ടർമാരും താഴേക്കിടയിലുള്ളവരും യു.ഡി.എഫിന് അനുകൂലമാണ്. ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാനുള്ള ബി.ജെപി ശ്രമത്തിന് മണിപ്പൂർ സംഭവവും ദേശീയതലത്തിലെ ക്രിസ്ത്യൻവേട്ടയും തിരിച്ചടിയായി.
മോദി വീണ്ടും അധികാരത്തിലെത്തുന്നത് തടയാൻ ഭൂരിപക്ഷ മുസ്ലിംകളും കോൺഗ്രസിനെ പിന്തുണക്കുന്നുവെന്നും സ്ഥാനാർഥികൾ ദുർബലരായതിനാൽ ബി.ജെ.പിയുടെ ഹിന്ദുത്വ പ്രചാരണം കേരളത്തിൽ ഏശുന്നില്ലെന്നും സർവേ കണ്ടെത്തുന്നു.
കോൺഗ്രസിന് ഒരു ലോക്സഭ എം.പി മാത്രമുള്ള കർണാടകയിൽ ഇത്തവണ 15 മുതൽ 17 വരെ സീറ്റ് പിടിക്കുമെന്നും ബി.ജെ.പി 25ൽ നിന്ന് 11 മുതൽ 13 വരെ സീറ്റിലേക്ക് താഴുമെന്നും ലോക്പോൾ പ്രവചിക്കുന്നു. ബി.ജെ.പിക്കൊപ്പം സഖ്യമായി ജെ.ഡി-എസ് മൂന്നു സീറ്റിൽ മത്സരിക്കുന്നുണ്ടെങ്കിലും ഒറ്റ സീറ്റിലും വിജയം കാണില്ല. സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളിൽ ജനങ്ങൾക്ക് വിശ്വാസമേറി.
നിയമസഭ തെരഞ്ഞെടുപ്പിലെന്നപോലെ അഹിന്ദു (ന്യൂനപക്ഷ-പിന്നാക്ക-ദലിതർ) വോട്ടുകൾ ഇത്തവണയും കോൺഗ്രസിലേക്ക് കേന്ദ്രീകരിക്കും. ബി.ജെ.പിയുടെ വൊക്കലിഗ വോട്ടുകളിൽ ചോർച്ചയുണ്ടാകുമെന്നും ജെ.ഡി-എസുമായുള്ള സഖ്യത്തിൽ മണ്ഡലങ്ങളിൽ സ്വരച്ചേർച്ചയില്ലെന്നും ലോക്പോളിന്റെ പ്രീ-പോൾ സർവേ കണ്ടെത്തുന്നു. ഓരോ ലോക്സഭ മണ്ഡലത്തിലും 1350 പേരിൽനിന്നാണ് സർവേ സാമ്പിൾ ശേഖരിച്ചത്.
കഴിഞ്ഞവർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ലോക്പോളിന്റെ പ്രവചനം (കോൺഗ്രസ് 129 -134, ബി.ജെ.പി 59-65) ഏറെക്കുറെ ശരിയായിരുന്നു. കോൺഗ്രസിന് 135ഉം ബി.ജെ.പിക്ക് 66 ഉം സീറ്റാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച (കോൺഗ്രസിന് 135 സീറ്റ്) ഈദിന ഡോട്ട്കോമിന്റെ ലോക് സഭ പ്രീപോൾ സർവേയിലും കോൺഗ്രസിന് 17 സീറ്റും ബി.ജെ.പിക്ക് 11ഉം സീറ്റാണ് പ്രവചിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.