ഇന്ത്യക്കാരെ വിലങ്ങിട്ട് തിരികെയെത്തിച്ച സംഭവം; പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി ലോക്സഭ
text_fieldsന്യൂഡൽഹി: യു.എസിൽ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ച സംഭവത്തിൽ പാർലമെന്‍റിൽ വൻ പ്രതിഷേധം. സഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. വൻ ബഹളമായതോടെ ഉച്ചവരെ ലോക്സഭ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവെച്ചു.
വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. നമ്മുടെ ജനങ്ങളോടുള്ള ക്രൂരത തടയുന്നതിനും സ്വദേശത്തും വിദേശത്തും ഓരോ ഇന്ത്യക്കാരന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സഭ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു.
എന്നാൽ, വിഷയം വിദേശനയവുമായി ബന്ധപ്പെട്ടതാണെന്ന് സ്പീക്കർ നിലപാടെടുത്തു. വിദേശരാജ്യത്തിന് അവരുടെതായ നിയമവും നിയന്ത്രണങ്ങളുമുണ്ടാകും. ഇതിന്‍റെ പേരിൽ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ പറഞ്ഞു. എന്നാൽ, പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും സഭ പിരിയുകയായിരുന്നു.
ഇന്ത്യക്കാരെ വിലങ്ങണിയിച്ചല്ല അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിനെ നിരാകരിക്കുന്ന വിവരങ്ങളാണ് നാടുകടത്തപ്പെട്ടവർ നൽകിയത്. കൈകാലുകൾ വിമാനയാത്രയിൽ ഉടനീളം ബന്ധിച്ചുവെന്നും സൈനിക വിമാനം അമൃത്‌സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷമാണ് വിലങ്ങഴിച്ചതെന്നും എത്തിയവർ വ്യക്തമാക്കിയിരുന്നു.
പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ട്രംപ് ഭരണകൂടം, വിവിധ സംസ്ഥാനങ്ങളിൽനിന്നായാണ് 104 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേരെ നാടുകടത്തുമെന്നും വിവരമുണ്ട്. ബുധനാഴ്ച അമൃത്‌സറിൽ എത്തിയവരിൽ 33 വീതം പേർ ഹരിയാന, ഗുജറാത്ത് സ്വദേശികളാണ്. 30 പേർ പഞ്ചാബ് സ്വദേശികളും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള മൂന്ന് വീതം പേരും ചണ്ഡിഗഡിൽ നിന്നുള്ള ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.