ഒഡിഷയിൽ ബി.ജെ.പിയുടെ സഖ്യചർച്ച പൊളിഞ്ഞു
text_fieldsന്യൂഡൽഹി: കിഴക്കേ ഇന്ത്യയിൽനിന്ന് സീറ്റുകൾ കൂട്ടാൻ ഒഡിഷയിൽ ബിജു ജനതാദളുമായി ബി.ജെ.പി നടത്തിയ സഖ്യചർച്ച പൊളിഞ്ഞു. അതേസമയം, ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാനുള്ള നീക്കത്തിൽ ആന്ധ്രപ്രദേശിലെ മുഖ്യ പ്രതിപക്ഷമായ തെലുഗുദേശം പാർട്ടി (ടി.ഡി.പി)- ജനസേനാ പാർട്ടി(ജെ.എസ്.പി) സഖ്യവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് ധാരണയിലെത്തി.
മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ ബി.ജെ.പിയും ബി.ജെ.ഡിയും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെയാണ് ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒഡിഷയിലെ സഖ്യചർച്ച പൊളിഞ്ഞത്. 147 അംഗ നിയമസഭയിൽ നിലവിൽ 114 എം.എൽ.എമാരുള്ള ബി.ജെ.ഡി ഈ തെരഞ്ഞെടുപ്പിൽ 112 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി അംഗീകരിച്ചില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെ 21 സീറ്റിൽ 14 എണ്ണം ബി.ജെ.പി ചോദിച്ചത് ഭരണകക്ഷിയായ ബി.ജെ.ഡിയും അംഗീകരിച്ചില്ല. നിലവിൽ ബി.ജെ.ഡിക്ക് 12 എം.പിമാരുള്ളതിനാൽ 10ൽ കുറഞ്ഞ ലോക്സഭ സീറ്റുകളിൽ മത്സരിക്കാനാവില്ലെന്ന് ബി.ജെ.ഡി അറിയിച്ചു.
ചർച്ചക്കായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്കയച്ച വിശ്വസ്തരായ വി.കെ പാണ്ഡ്യൻ, പ്രണബ് പ്രകാശ് ദാസ് എന്നിവർ സഖ്യനീക്കം പൊളിഞ്ഞതോടെ ഭുവനേശ്വറിലേക്ക് മടങ്ങി. 2000ലും 2004ലും എൻ.ഡി.എ സഖ്യത്തിൽ മത്സരിച്ച ബി.ജെ.ഡിയും ബി.ജെ.പിയും സീറ്റ് പങ്കുവെച്ചത് 4:3 അനുപാതത്തിലായിരുന്നു.
ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിനെതിരായ ജനവികാരം ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശത്തിനും നടൻ പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്കും ഗുണം ചെയ്യുമെന്ന് കണ്ടാണ് ഇതുവരെ ഭരണകക്ഷിക്കൊപ്പം നിന്ന ബി.ജെ.പി ആന്ധ്രയിലെ പ്രധാന പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കിയത്. മൂന്ന് പാർട്ടികളും സഖ്യത്തിലെത്തിയെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യം തൂത്തുവാരുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ടി.ഡി.പിയെയും ജെ.എസ്.പിയെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്തു. അതേസമയം, മൂന്ന് പാർട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.