രാഹുലിന്‍െറ ‘അഴിമതി ബോംബ്’; സഭ സ്തംഭിപ്പിച്ച് ഭരണപക്ഷം
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ ‘അഴിമതി ബോംബ്’ ഭീഷണിക്കു പിന്നാലെ പാര്‍ലമെന്‍റ് വ്യാഴാഴ്ചയും സ്തംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സഭ സ്തംഭിപ്പിച്ചത് പ്രതിപക്ഷമാണെങ്കില്‍ വ്യാഴാഴ്ച സഭ മുടക്കിയത് ഭരണപക്ഷമാണ്. സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രി നേരിട്ട് നടത്തിയ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ബുധനാഴ്ച രാഹുല്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. നോട്ട് വിഷയത്തിലുടക്കി ഒരു ദിവസംപോലും സഭാനടപടികളിലേക്ക് കടക്കാതെയാണ് ശീതകാല സമ്മേളനം പിരിയുന്നത്. പാര്‍ലമെന്‍റ് പിരിയുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധം പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ഇതിന്‍െറ ഭാഗമായി 14 പ്രതിപക്ഷ പാര്‍ട്ടികളുടെ എം.പിമാര്‍ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍നിന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് നാട്ടുകാരുടെ നോട്ടുദുരിതത്തില്‍ ഇടപെടല്‍ ആവശ്യപ്പെടും. മോദിയുടെ അഴിമതി തുറന്നുകാട്ടുന്ന ശക്തമായ തെളിവ് തന്‍െറ പക്കലുണ്ടെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. കിട്ടിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ബുള്ളറ്റ് പ്രൂഫ് തെളിവുകളാണ് കൈവശമുള്ളതെന്നും കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ രാഹുല്‍ പറഞ്ഞതായി പാര്‍ട്ടിവൃത്തങ്ങള്‍ വെളിപ്പെടുത്തി. അതിനിടെ, പ്രധാനമന്ത്രിയെ കാണാന്‍ രാഹുല്‍ ഗാന്ധി സമയം തേടി. യു.പിയില്‍ രാഹുല്‍ നടത്തിയ കര്‍ഷകറാലിക്കിടെ സ്വീകരിച്ച നിവേദനങ്ങളിലെ ആവശ്യങ്ങളടങ്ങിയ പട്ടിക സര്‍ക്കാറിന്‍െറ പരിഗണനക്ക് സമര്‍പ്പിക്കുന്നതിനായാണ് കൂടിക്കാഴ്ചക്ക് അവസരം തേടിയിരിക്കുന്നത്.
നോട്ടുപ്രതിസന്ധിയെക്കുറിച്ച് ലോക്സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ശാഠ്യം മാറ്റി ഏതുതരത്തിലുള്ള ചര്‍ച്ചക്കും പ്രതിപക്ഷം തയാറായെങ്കിലും ഭരണപക്ഷം കൂട്ടാക്കിയില്ല. യു.പി.എ കാലത്ത് നടന്ന അഗസ്റ്റവെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ കോഴക്കേസില്‍ ഇടനിലക്കാരന്‍െറ ഡയറിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അവര്‍ ബഹളംവെച്ചതോടെ കോണ്‍ഗ്രസും രോഷാകുലരായി. തുടര്‍ന്ന് സ്പീക്കര്‍ സഭ ദിവസത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് എഴുന്നേറ്റപ്പോള്‍തന്നെ ബി.ജെ.പി അംഗങ്ങള്‍ ബഹളംവെച്ചു. എല്ലാ ദിവസവും ബഹളംവെച്ച് സഭ മുടക്കുകയാണ് കോണ്‍ഗ്രസെന്ന് ആരോപിച്ച് ബഹളംവെച്ച് സഭ തടസ്സപ്പെടുത്തിയ ബി.ജെ.പി അംഗങ്ങള്‍ മന്ത്രി കിരണ്‍ റിജിജുവിനെതിരായ അഴിമതി ആരോപണവും നോട്ടുപ്രതിസന്ധിയും ഉന്നയിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.