കോൺഗ്രസ് പതാക ഉപയോഗിച്ചുവെന്ന് സുമലതക്കെതിരെ പരാതി; മാണ്ഡ്യയിൽ പോര് മുറുകി
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മാണ്ഡ്യയിൽ ആരോപണ പ്രത്യാരോപണങ്ങളുമായി പോര് മുറുകി. ചൊവ്വാഴ്ച മാണ്ഡ്യയിൽ പ്രചാരണ റാലി നടത്തിയ സ്വതന്ത്ര സ്ഥാനാർഥി നടി സുമലത ജെ.ഡി.എസ് എം.പി ശിവരാമഗൗഡക്കെതിരെ രംഗത്തെത്തി.
സുമലത ഗൗഡ വിഭാഗത്തിൽനിന്നുള്ള ആളല്ലെന്നും നായിഡു ആണെന്നും, അവർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവിടെയുണ്ടാകില്ലെന്നും ശിവരാമഗൗഡ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ചൊവ്വാഴ്ചത്തെ റാലിയിലൂടെ സുമലത നൽകിയത്.
തനിക്ക് ആരുടെയും ജാതി സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താൻ മാണ്ഡ്യയുടെ മരുമകൾ ആണെന്നും ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും സുമലത തുറന്നടിച്ചു. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നവർക്ക് ഏപ്രിൽ 18ന് ജനങ്ങൾ മറുപടി നൽകുമെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും സുമലതയും തമ്മിലുള്ള പോരാട്ടത്തിൽ നേതാക്കളുടെ പ്രസ്താവനകളാണ് വിവാദങ്ങൾക്കിടയാക്കുന്നത്. അംബരീഷ് ഉണ്ടായിരുന്ന സമയത്ത് സുമലത മാണ്ഡ്യയിൽ വന്നിരുന്നില്ലെന്നും അവർക്ക് മാണ്ഡ്യയിലെ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡ ആരോപിച്ചത്.
സുമലതയും നിഖിലും തമ്മിലുള്ള മത്സരത്തെ ഗൗഡ-നായിഡു പോരാട്ടമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.