മഹായൂത്തിയിൽ പോര്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കനത്ത തോൽവിക്കുപിന്നാലെ പരസ്പരം പഴിചാരിയും യോഗങ്ങൾ ചേർന്നും ഭരണപക്ഷ (മഹായൂത്തി) സഖ്യകക്ഷികൾ. ബി.ജെ.പി, ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി എന്നിവർ ചേർന്നതാണ് മഹായൂത്തി. തെരഞ്ഞെടുപ്പിൽ 17 സീറ്റുകളാണ് സഖ്യം നേടിയത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപ മുഖ്യമന്ത്രി പദത്തിൽ രാജി സന്നദ്ധത അറിയിച്ച് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിക്കുപോയി.
അഞ്ചിടത്ത് മത്സരിച്ച അജിത് പക്ഷത്തിന് ഒരു സീറ്റാണ് ലഭിച്ചത്. ഭാര്യ മത്സരിച്ച ബാരാമതിയിൽ പോലും ബി.ജെ.പിയും ഷിൻഡെ പക്ഷവും പിന്തുണച്ചില്ലെന്നാണ് അജിത് പക്ഷത്തിന്റെ വിലയിരുത്തൽ. അജിത് ക്ഷുഭിതനാണ്. ഡൽഹിയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ പ്രഫുൽ പട്ടേലിനെ അയച്ചെങ്കിലും അജിത് പോകാതിരുന്നത് അഭ്യൂഹങ്ങൾക്കിടനൽകി.
അജിത് പക്ഷ എം.എൽ.എമാർ പവാർ പക്ഷത്തേക്ക് തിരിച്ചുപോകുമെന്നും അഭ്യൂഹമുണ്ടായി. വ്യാഴാഴ്ച നടന്ന കോർകമ്മിറ്റി യോഗത്തിൽ, എൻ.ഡി.എയിൽ തുടരാൻ തീരുമാനിച്ചതായി ഏക എം.പി സുനിൽ തട്കരെ പറഞ്ഞു. എം.എൽ.എമാർ അജിത്തിനൊപ്പമാണെന്നുപറഞ്ഞ അദ്ദേഹം അഭ്യൂഹങ്ങൾ തള്ളി.
നാലു എം.എൽ.എമാർ ഇന്നലെ ചേർന്ന യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയുടെ സർവേയും അതുപ്രകാരമുള്ള സ്ഥാനാർഥി മാറ്റവും മണ്ഡലമാറ്റവുമാണ് പ്രതികൂലമായതെന്ന് ഏഴ് സീറ്റുനേടിയ ഷിൻഡെ പക്ഷവും ആരോപിച്ചു. നാസിക്കിലടക്കം അജിത് പക്ഷം പിന്തുണച്ചില്ലെന്നും കുറ്റപ്പെടുത്തി. ഷിൻഡെയുടെ മകനടക്കം കേന്ദ്രത്തിൽ രണ്ട് കാബിനറ്റ് പദവും ഒരു സഹമന്ത്രി പദവും നേടാനുള്ള ശ്രമത്തിലാണ് ഷിൻഡെ.
ഒമ്പത് സീറ്റുകളാണ് ബി.ജെ.പിക്ക്. സർക്കാറിൽനിന്ന് പിന്മാറി പാർട്ടി പ്രവർത്തനത്തിൽ മുഴുകുമെന്നാണ് ഫഡ്നാവിസ് പറയുന്നത്. എന്നാൽ, കേന്ദ്രത്തിൽ മന്ത്രിപദം നൽകുമെന്ന അഭ്യൂഹമുണ്ട്. ഫഡ്നാവിസിന്റെ തന്ത്രങ്ങൾ ബാരാമതിയിൽ പോലും വിജയിച്ചില്ലെന്നാണ് വിലയിരുത്തൽ. പ്രാദേശിക ബി.ജെ.പി സുപ്രിയയെ പിന്തുണച്ചുവെന്നാണ് അജിത്തിന്റെ ആരോപണം. സഖ്യത്തിൽ ഉലച്ചിലുണ്ടെങ്കിലും ഒന്നിച്ചു നിൽക്കുമെന്നാണ് മൂവരും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.