ഇവിടെ മറുനാടൻ മത്സരം; ശത്രുവിന് ശത്രു സർദാർ
text_fieldsവ്യവസായ നഗരമായ അസൻസോളിലെ തെരഞ്ഞെടുപ്പിന് ഇക്കുറി പ്രത്യേകതകളേറെയുണ്ട്. ബി.ജെ.പി മുൻ കേന്ദ്രമന്ത്രിമാർ തമ്മിൽ മത്സരിക്കുന്ന മണ്ഡലം. രണ്ടുപേരും പുറത്തുനിന്ന് എത്തിയവർ. 40 ശതമാനത്തിനു മുകളിൽ ഹിന്ദി ഭാഷ സംസാരിക്കുന്നവരുള്ള മണ്ഡലം.
വാജ്പേയ് സര്‍ക്കാറില്‍ ആരോഗ്യവകുപ്പ് മന്ത്രിയും ബോളിവുഡ് താരവുമായിരുന്ന ബിഹാറുകാരൻ ശത്രുഘ്നൻ സിൻഹയാണ് തൃണമൂൽ കോൺഗ്രസിന് (ടി.എം.സി) വേണ്ടി ജനവിധി തേടുന്നത്. 2014 ലും 2019 ലും ബി.ജെ.പി വിജയിച്ച മണ്ഡലം 2021ലെ ഉപതെരഞ്ഞെടുപ്പിൽ ശത്രുവിനെ നിർത്തി ടി.എം.സി പിടിച്ചെടുത്തു.
ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ബാബുൽ സുപ്രിയോയെ പാർട്ടിയിലേക്ക് കൊണ്ടുവന്നാണ് ടി.എം.സി ബി.ജെ.പിക്കുള്ള ആദ്യ പണി കൊടുത്തത്.
തുടർന്ന് നടന്ന ഉപതെരെഞ്ഞടുപ്പിൽ 40 ശതമാനത്തോളം ബിഹാറുകാരുള്ള അസൻസോളിൽ ബിഹാറുകാരനായ ശത്രുവിനെ നിർത്തി മൂന്ന് ലക്ഷത്തോളം ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ച മണ്ഡലവും ടി.എം.സി പിടിച്ചു. ഇക്കുറിയും ശത്രുവിനെ മുൻനിർത്തി മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടി.എം.സി. അസൻസോളിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും ടി.എം.സിയുടെ കൈയിലാണ്.
ലോക്സഭയിൽ ശത്രു മൗനിബാബയാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഒരു ചോദ്യം പോലും ഉന്നയിക്കാത്ത എം.പിമാരിൽ ഒരാളാണ്. എന്നാൽ, പാർലമെന്റിലെ പ്രകടനങ്ങളൊന്നും താഴേത്തട്ടിൽ ചർച്ചയാകുന്നില്ലെന്നാണ് ടി.എം.സി പ്രവർത്തകർ പറയുന്നത്.
ബിഹാർ വോട്ടിൽ കണ്ണുവെച്ച് ഭോജ്പുരി ഗായകനും നടനുമായ പവന്‍സിങ്ങിനെ ആയിരുന്നു അസൻസോളിൽ സ്ഥാനാർഥിയായി ബി.ജെ.പി ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ഗാനങ്ങളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ആളാണ് പവൻസിങ്ങെന്ന പ്രചാരണവുമായി പ്രതിപക്ഷം രംഗത്തുവന്നതോടെ അദ്ദേഹം പിന്മാറി. തുടർന്ന്, പി.വി നരസിംഹറാവു സർക്കാറിലും ഒന്നാം മോദി സർക്കാറിലും മന്ത്രിസഭയിലുണ്ടായിരുന്ന സുരേന്ദ്രജിത് സിങ് അഹുലുവാലിയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു.
2014ൽ ഡാർജിലിങ്ങിലും 2019ൽ ബർദമാനിൽ നിന്നും അഹുലുവാലിക്ക് വിജയിക്കാനായിട്ടുണ്ട്. എന്നാൽ, അസൻസോളിൽ മത്സരിക്കാൻ അഹുലുവാലിയ താൽപര്യം കാണിച്ചിരുന്നില്ല. പാർട്ടി സമ്മർദം ചെലുത്തിയതോടെയാണ് സമ്മതം മൂളിയത്. കോൺഗ്രസുകാരനായിരുന്ന അദ്ദേഹം 1999ലാണ് ബി.ജെ.പിയിലെത്തിയത്. സാമുദായിക സംഘർഷം കൂടുതലുള്ള അസൻസോളിൽ ധ്രുവീകരണം ശക്തമാണ്. ഇത് നേട്ടമാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുന്ന സി.പി.എം രണ്ടു തവണ എം.എൽ.എ ആയിരുന്ന ജഹനാരാ ഖാനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. 1989 മുതൽ 2014 വരെ സി.പി.എമ്മായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്. 2009ൽ 48 ശതമാനം വോട്ട് ലഭിച്ച സി.പി.എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴ് ശതമാനത്തിലേക്ക് താഴ്ന്നു. 5.6 ശതമാനം വോട്ട് മാത്രം ലഭിച്ച ബി.ജെ.പിക്ക് 2019ൽ 51 ശതമാനത്തിലേക്ക് ഉയർത്താനും സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.