ബംഗളൂരു നോർത്തിൽ കരന്ദ്ലാജെയെത്തുമ്പോൾ
text_fieldsബംഗളൂരു: ചിക്കമഗളൂരു മണ്ഡലത്തിൽനിന്ന് ബി.ജെ.പി പ്രവർത്തകർ ഗോബാക്ക് വിളിച്ച് തിരിച്ചയച്ച കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ, തന്റെ രാഷ്ട്രീയ ഗുരുവായ ബി.എസ്. യെദിയൂരപ്പയുടെ സഹായത്താൽ മത്സരിക്കാനെത്തുന്ന സവിശേഷ സാഹചര്യമാണ് ബംഗളൂരു നോർത്തിൽ. ശോഭയുടെ വരവിെന്റ പേരിൽ സിറ്റിങ് എം.പി സദാനന്ദ ഗൗഡ പാർട്ടിയിൽ ഇടഞ്ഞതും യെദിയൂരപ്പക്കെതിരെ വിമർശനശരം തൊടുത്തതും ബി.ജെ.പി അണികളിൽ ഇടർച്ചയുണ്ടാക്കിയിട്ടുണ്ട്.
ശോഭ കരന്ദ്ലാജെയെ നേരിടാൻ തക്ക സ്ഥാനാർഥിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. ഐ.ഐ.എം ബാംഗ്ലൂരിലെ പ്രഫസറായിരുന്ന മുൻ എം.പിയും ഇപ്പോൾ കോൺഗ്രസ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ എം.വി രാജീവ് ഗൗഡയാണ് കോൺഗ്രസ് സ്ഥാനാർഥി.
വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ബംഗളൂരു നോർത്ത്. ഒരു കാലത്ത് കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. കഴിഞ്ഞ 18 തെരഞ്ഞെടുപ്പിൽ പന്ത്രണ്ടെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർഥികളെയാണ് മണ്ഡലത്തിലുള്ളവർ പാർലമെന്റിലെത്തിച്ചത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി സി.കെ. ജാഫർ ശരീഫ് ആറു തവണ വിജയിച്ച മണ്ഡലം 2004ൽ അന്ന് ബി.ജെ.പിയിലായിരുന്ന എച്ച്.ടി. സാങ്ലിയാന പിടിച്ചെടുത്തശേഷം പിന്നീട് കോൺഗ്രസിന്റെ കൈയിലിരുന്നിട്ടില്ല. മൂന്ന് പ്രമുഖർ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ബി.ജെ.പിക്കായി എച്ച്.ടി. സാങ്ലിയാനയും കോൺഗ്രസിനായി സി.കെ. ജാഫർ ശരീഫും ജെ.ഡി.എസിനായി സി.എം. ഇബ്രാഹിമും അന്ന് കളത്തിലിറങ്ങി. 30,358 വോട്ടിനാണ് അന്ന് ജാഫർ ശരീഫ് തോറ്റത്. 2009ൽ ഡി.ബി. ചന്ദ്രഗൗഡയും 2014, 19ൽ ഡി.വി. സദാനന്ദ ഗൗഡയും ബി.ജെ.പിക്ക് വേണ്ടി ലീഡുയർത്തി.
കർണാടക ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രിയായിരുന്ന സമയത്തെ ശോഭ കരന്ദ്ലാജെയുടെ പ്രവർത്തനങ്ങൾ അന്ന് ഗ്രാമവികസനത്തിലും പഞ്ചായത്തീരാജിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന ഖ്യാതിക്കർഹമാക്കിയിരുന്നു. അഞ്ചുവർഷം കേന്ദ്രമന്ത്രിയായിരുന്നിട്ടും സംസ്ഥാനത്തോട് യൂനിയൻ ഗവൺമെന്റ് കാണിച്ച അനീതികൾക്കെതിരെ ഒരക്ഷരം മിണ്ടാത്ത ശോഭക്ക് കർണാടകക്കാർ വോട്ട് ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. മണ്ഡലത്തിൽ വിദ്യാഭ്യാസ പുരോഗതിയാണ് കോൺഗ്രസ് സവിശേഷമായി മുന്നോട്ട് വെക്കുന്നത്. വിദ്വേഷ പ്രസ്താവനകൾക്ക് കുപ്രസിദ്ധയായ ശോഭക്കെതിരെ കേരള പൊലീസ് അടുത്തിടെ രണ്ട് കേസുകൾ എടുത്തിരുന്നു.
ബെൽ, എച്ച്.എ.എൽ, എം.എം.ടി, ഐ.ടി.ഐ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ ഈ മണ്ഡലത്തിലാണ്. കേന്ദ്രസർക്കാറിന്റെ അവഗണനയും ബി.ജെ.പിക്കെതിരായ വോട്ടായി മാറുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. മധ്യവർഗ വോട്ടർമാർ കൂടുതലുള്ള മേഖല കൂടിയാണിത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എട്ടു നിയമസഭ മണ്ഡലങ്ങളിൽ അഞ്ചെണ്ണത്തിൽ ബി.ജെ.പിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് ജയിച്ചത്.
ബംഗളൂരു നോർത്ത് മണ്ഡലം
നിയമസഭ മണ്ഡലങ്ങൾ
- ബിജെ.പി: യശ്വന്ത്പുര, ദാസറഹള്ളി, മഹാലക്ഷ്മി ലേ ഔട്ട്, മല്ലേശ്വരം, കെ.ആർ. പുരം
- കോൺഗ്രസ്: ബൈട്രായനപുര, ഹെബ്ബാൾ, പുലികേശി നഗർ
2019 വോട്ടുനില:
- ഡി.വി. സദാനന്ദ ഗൗഡ (ബി.ജെ.പി) - 8,24,500
- കൃഷ്ണബൈരഗൗഡ (കോൺഗ്രസ്) - 6,76,982
- നോട്ട - 11,632
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.