ക്ഷത്രിയ കോപം തിളച്ച രാജ്കോട്ട്
text_fieldsഅഹ്മദാബാദ്: ‘അഹങ്കാരിയായ ബി.ജെ.പിയെ പാഠം പഠിപ്പിക്കാൻ’ രജ്പുത് (ക്ഷത്രിയ) സമുദായം അരയും തലയും മുറുക്കി ഇറങ്ങിയ രാജ്കോട്ടിൽ കോൺഗ്രസിന് നേട്ടങ്ങളുണ്ടാക്കാനാകുമോ? ക്ഷത്രിയ രോഷത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രി പർശോത്തം രുപാലെയാണ് ബി.ജെ.പി സ്ഥാനാർഥി.
സിറ്റിങ് എം.പി മോഹൻ കുന്ദരിയയെ മാറ്റിയാണ് രുപാലെയെ സ്ഥാനാർഥിയാക്കിയത്. കോൺഗ്രസ് രംഗത്തിറക്കിയത് 2012ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അംറേലി മണ്ഡലത്തിൽ രൂപാലെയെ തോൽപ്പിച്ച പരേഷ് ധനാനിയെ ആണ്.
രുപാലെയെ പിൻവലിക്കണമെന്ന് ക്ഷത്രിയർ ആവശ്യപ്പെട്ടിട്ടും ബി.ജെ.പി വഴങ്ങിയില്ല. ഇതോടെ രുപാലെയെ ബഹിഷ്കരിക്കണം. ബി.ജെ.പിയെ പാഠം പഠിപ്പിക്കണം എന്നീ ആവശ്യങ്ങളുമായി ക്ഷത്രിയ സമിതി വോട്ടർമാരെ നേരിൽ കാണുന്നു. ബി.ജെ.പി രാജ്കോട്ട് സിറ്റി മുൻ ജനറൽ സെക്രട്ടറി രാജ്ഭ സല അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
ബി.ജെ.പിയുടെ പ്രചാരണങ്ങൾക്കുനേരെ അവർ പ്രതിഷേധിക്കുന്നു. രുപാലെയെ തടയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ആനന്ദ്, ജാംനഗർ റാലികളിൽ അവർ പ്രതിഷേധിച്ചില്ല. പ്രധാനമന്ത്രിയോടുള്ള ബഹുമാനമാണ് അതിനു കാരണമായി പറയുന്നത്.
മണ്ഡലത്തിലെ 23 ലക്ഷം വോട്ടർമാരിൽ നാലു ശതമാനം മാത്രമാണ് ക്ഷത്രിയർ എന്നതിനാൽ നിലവിൽ ബി.ജെ.പിക്ക് ഭീഷണിയില്ലെന്നാണ് നിരീക്ഷണം. മാത്രമല്ല, ക്ഷത്രിയരെ മറ്റു സമുദായക്കാർ പിന്തുണക്കുന്നുമില്ല. ബി.ജെ.പിയുടെ വോട്ടുബാങ്കായി മാറിയ പാട്ടീദാർ സമുദായത്തിന് 5.8 ലക്ഷം വോട്ടുകളുണ്ട്. പാട്ടീദാർ സമുദായ വോട്ടിൽ ശക്തമായ വിള്ളലുണ്ടാക്കാൻ ശേഷിയുള്ള നേതാവാണ് കോൺഗ്രസിന്റെ പരേഷ് ധനാനി.
പാട്ടീദാർ സമുദായത്തിലെ ഉപവിഭാഗമായ ലേവ പാട്ടീദാർ വിഭാഗക്കാരനാണ് അദ്ദേഹം. നാല് ലക്ഷത്തോളം വരും ഈ വിഭാഗത്തിന്റെ വോട്ട്. ഇതിലാണ് കോൺഗ്രസ് പ്രതീക്ഷവെക്കുന്നത്. കഠ്വ പാട്ടീദാർ വിഭാഗക്കാരനാണ് രൂപാലെ. ‘മോദിയുടെ വികസനന’ത്തിലൂന്നിയാണ് രുപാലെ വോട്ട് തേടുന്നതെങ്കിൽ സ്വാഭിമാനത്തെ ഉയർത്തിക്കാട്ടിയാണ് ധനാനിയുടെ പ്രചാരണം. സാധാരണക്കാരിലേക്കാണ് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നത്.
നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ പ്രിയമാണ് ഈ മണ്ഡലത്തിലും കോൺഗ്രസിന് വെല്ലുവിളി. കോൺഗ്രസ് ഭരണകാലത്തേക്കാൾ മെച്ചപ്പെട്ട ഒരു നഗരമാണിന്ന് രാജ്കോട്ട് എന്ന് നാട്ടുകാർ പറയുന്നു. രുപാലെയേക്കൾ പ്രിയം ധനാനിയോടാണെങ്കിലും മോദിഭരണ തുടർച്ചക്കായി വോട്ട് താമരക്കെന്ന് ട്രക് ഡ്രൈവർമാരും കടയുടമകളും തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയവരും പറയുന്നു. കോൺഗ്രസിനോടുള്ള വിശ്വാസക്കുറവും പ്രകടിപ്പിക്കാൻ ചിലർ മറന്നില്ല.
എന്നാൽ, കോൺഗ്രസ് പ്രതീക്ഷയിലാണ്. ബി.ജെ.പിക്ക് എതിരായ ക്ഷത്രിയരോഷവും ധനാനിയുടെ സ്ഥാനാർഥിത്വവുമാണ് അതിനു കാരണം. ഭയംമൂലം ജനങ്ങൾ ഒന്നും തുറന്നു പറയില്ലെന്നും എന്നാൽ അടിയൊഴുക്കുകളുണ്ടാകുമെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.