പ്രാദേശിക തരംഗം
text_fieldsലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി, പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് എന്നിവക്കൊപ്പം പ്രാദേശിക കക്ഷികളുടെ പ്രകടനവും ഏറെ നിർണായകം. പ്രാദേശിക കക്ഷികളുടെ മുന്നേറ്റം സർക്കാർ രൂപവത്കരണത്തെ സ്വാധീനിക്കുന്ന ഘടകം. വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുടെ സ്ഥിതി എന്താണ്?
തമിഴ്നാട്
കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായി ബി.ജെ.പിയെ നേരിടുന്ന ഡി.എം.കെ, സീറ്റെണ്ണം വെച്ചു നോക്കിയാൽ ദേശീയതലത്തിൽതന്നെ രണ്ടാമത്തെ വലിയ പ്രതിപക്ഷ കക്ഷി. കഴിഞ്ഞ തവണ തമിഴ്നാട്ടിലെ 39ൽ 23 സീറ്റ് ഡി.എം.കെ നേടി. കോൺഗ്രസ്, സി.പി.എം, മുസ്ലിംലീഗ് തുടങ്ങി വിവിധ കക്ഷികൾക്ക് സീറ്റ് നൽകുന്നതിൽ ഉദാരമായ സമീപനം സ്വീകരിച്ച് ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ ഇത്തവണയും വിശാല മനസ്കത മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്നു. എ.ഐ.എ.ഡി.എം.കെക്ക് കഴിഞ്ഞ തവണ കിട്ടിയത് ഒറ്റ സീറ്റ്.
പശ്ചിമ ബംഗാൾ
മറ്റു പ്രതിപക്ഷ കക്ഷികളെ ആരെയും അടുപ്പിക്കാതെ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടാനാണ് മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ പുറപ്പാട്. ‘ഇൻഡ്യ’ മുന്നണിയിൽ പങ്കാളികളായ കോൺഗ്രസും സി.പി.എമ്മും പുറത്ത്. സംസ്ഥാനത്തെ 42ൽ 18 സീറ്റ് ബി.ജെ.പി കൈയടക്കിയ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദുരനുഭവം ആവർത്തിക്കാതിരിക്കാനാണ് മമതയുടെ ശ്രമം.
ആന്ധ്രപ്രദേശ്
മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ബി.ജെ.പിക്ക് പുറംപിന്തുണ നൽകിപ്പോരുന്ന പ്രധാന കക്ഷിയാണ്. 25ൽ 22 സീറ്റും 2019ൽ നേടിയത് ജഗന്റെ പാർട്ടിയാണ്. ഇടക്കാലത്ത് തെറ്റിപ്പിരിഞ്ഞെങ്കിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായി ടി.ഡി.പി വീണ്ടും എത്തുകയും ജനസേനയുമായി ചേർന്ന് മുന്നണിയായി കളത്തിലിറങ്ങുകയും ചെയ്തിരിക്കെ, ജഗന്റെ പ്രധാന പോരാട്ടം ഈ സഖ്യത്തോടായി.
മഹാരാഷ്ട്ര
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48ൽ 18 സീറ്റും നേടിയത് ശിവസേനയാണ്. പക്ഷേ, ബി.ജെ.പിയുടെ പിന്നാമ്പുറ നീക്കം ശിവസേനയെ മാത്രമല്ല, അഘാഡി സഖ്യത്തിലെ എൻ.സി.പി (അഞ്ചു സീറ്റ്)യെയും പിളർത്തി. കോൺഗ്രസിനെ ശോഷിപ്പിച്ചു. സംസ്ഥാന ഭരണവും കൈവിട്ടു. പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷം, എൻ.സി.പി ശരദ്പവാർ പക്ഷം, കോൺഗ്രസ് എന്നിവ ഒന്നിച്ചുനിന്ന് നടത്തുന്നത്. ശിവസേന ഷിൻഡെ പക്ഷത്തെയും അജിത്പവാറിന്റെ എൻ.സി.പിയെയും ചേർത്തുനിർത്തി ബി.ജെ.പി മുന്നോട്ടു പോകുന്നു.
ബിഹാർ
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിറംമാറ്റങ്ങൾക്കൊത്ത് ഭരണം മാറിമറിഞ്ഞ സംസ്ഥാനമാണ് ബിഹാർ. കഴിഞ്ഞ തവണത്തെപ്പോലെ നിതീഷിന്റെ ജനതദൾ-യു ബി.ജെ.പിക്കും ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (ആറു സീറ്റ്)ക്കുമൊപ്പാണ് ഇത്തവണയും ലോക്സഭ തെരഞ്ഞെടുപ്പു കളത്തിൽ നിൽക്കുന്നത്. മുന്നണിയിൽ ബി.ജെ.പി മേൽകൈ നേടിയതിനാൽ കഴിഞ്ഞ തവണ 40ൽ 16 സീറ്റ് കിട്ടിയ ചരിത്രം പക്ഷേ, ആവർത്തിക്കണമെന്നില്ല. പ്രധാന പ്രതിപക്ഷമായ ലാലു പ്രസാദിന്റെ ആർ.ജെ.ഡിയും (0) കോൺഗ്രസും ഇടതുപാർട്ടികളും ഒന്നിച്ചുനിന്ന് ഭരണസഖ്യത്തെ നേരിടുന്നു.
ഒഡിഷ
നവീൻ പട്നായിക് നയിക്കുന്ന കാലത്തോളം ഒഡിഷയിൽ ബിജു ജനതാദളിനല്ലാതെ മറ്റു പാർട്ടികൾക്ക് മേധാവിത്തം കിട്ടാൻ പ്രയാസം. അതു തിരിച്ചറിഞ്ഞ് ബി.ജെ.ഡിയെ ചേർത്തുനിർത്തുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിച്ചു പോരുന്നത്. സംസ്ഥാന വികസനത്തിന്റെ പേരുപറഞ്ഞ് ബി.ജെ.പിക്ക് അവസരോചിതം ബി.ജെ.ഡി പുറംപിന്തുണ നൽകിവരുന്നു. മുൻകാലത്തെ സഖ്യം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമം ഫലവത്തായിട്ടില്ല. ഒഡിഷയിലെ 21ൽ 12 സീറ്റും കഴിഞ്ഞ തവണ ബി.ജെ.ഡിക്കാണ് ലഭിച്ചത്.
ഉത്തർപ്രദേശ്
മായാവതി നയിക്കുന്ന ബഹുജൻ സമാജ് പാർട്ടിയുടെ ഭാവി എന്താണ്? അധഃസ്ഥിത മുന്നേറ്റത്തിനായി രൂപവത്കരിച്ച പാർട്ടിയുടെ ശക്തി നാൾക്കുനാൾ ക്ഷയിച്ചുവരുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. കഴിഞ്ഞ തവണ യു.പിയിൽ സമാജ്വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നിവക്കൊപ്പം മത്സരിച്ച ബി.എസ്.പിക്ക് 80ൽ 10 സീറ്റ് കിട്ടി. എന്നാൽ, ഇക്കുറി ആരുമായും സഖ്യത്തിനില്ലാതെ ഒറ്റക്ക് പോരാട്ടം നടത്താനും അടിത്തറ ബലപ്പെടുത്താനുമാണ് മായാവതിയുടെ ഒരുക്കം. 2019ൽ അഞ്ചു സീറ്റാണ് കിട്ടിയതെങ്കിലും യു.പിയിൽ പ്രധാന പ്രതിപക്ഷം അഖിലേഷ് നയിക്കുന്ന സമാജ്വാദി പാർട്ടിതന്നെ. കോൺഗ്രസുമായി ചേർന്ന് ബി.ജെ.പിയെ നേരിടുന്നു.
തെലങ്കാന
മൂന്നാം മുന്നണി സ്വപ്നങ്ങളിൽനിന്ന് എങ്ങുമല്ലാത്ത ദുരവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ട സ്ഥിതിയിലാണ് തെലങ്കാനപ്പിറവിയുടെ ഉപജ്ഞാതാവ് കെ. ചന്ദ്രശഖര റാവു. തെലങ്കാന രാഷ്ട്രസമിതിയെ ഭാരത രാഷ്ട്ര സമിതിയെന്നു പേരുമാറ്റുമ്പോൾ റാവു ലക്ഷ്യമിട്ടത് പ്രധാനമന്ത്രിക്കസേര തന്നെയാണ്. എന്നാൽ, സംസ്ഥാന ഭരണം കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്ന റാവുവിന് ഇപ്പോൾ ഉറക്കം കെടുത്തുന്ന വിഷയം ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ, ജയിലിലായ മകൾ കെ. കവിതയാണ്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മകളെ ഇ.ഡി കുരുക്കിയത് തെരഞ്ഞെടുപ്പു കളത്തിൽ റാവുവിനെയും കുരുക്കി.
ഡൽഹി
താൽക്കാലിക പ്രതിഭാസമെന്ന് പിറവിക്കാലത്ത് വിശേഷിപ്പിച്ച പല രാഷ്ട്രീയ പാർട്ടികളും നോക്കിനിൽക്കെ, ദേശീയ പാർട്ടി പദവി നേടാൻ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു. ഡൽഹിയിൽ ബി.ജെ.പിക്ക് ഏഴു സീറ്റും വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥിതി മാറ്റിയെടുക്കാൻ പ്രധാന ‘ശത്രു’ക്കളിലൊന്നായ കോൺഗ്രസുമായി സന്ധി ചെയ്താണ് ആപ് ഡൽഹിയിൽ മത്സരിക്കുന്നത്. പഞ്ചാബിൽ കഴിഞ്ഞതവണ ഒരു ലോക്സഭ സീറ്റ് സമ്പാദിച്ചതിൽനിന്ന് സംസ്ഥാന ഭരണം കൈയടക്കുന്നതിലേക്ക് വളർന്ന ആപിന് അവിടെ പക്ഷേ, രണ്ടു സീറ്റിലേക്ക് ഒതുങ്ങിയ ശിരോമണി അകാലിദളിനെക്കാൾ പ്രധാന പ്രതിയോഗി കോൺഗ്രസ്.
ജമ്മു-കശ്മീർ
ബി.ജെ.പിയോട് ചങ്ങാത്തം കൂടിയ പഴയകാലം മറന്ന് ഇൻഡ്യ മുന്നണിയുടെ കുടക്കീഴിലാണിന്ന് ഫാറൂഖ് അബ്ദുല്ല നയിക്കുന്ന നാഷനൽ കോൺഫറൻസ് (മൂന്നു സീറ്റ്), മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പി (0) എന്നിവ. 370ാം ഭരണഘടനാ വകുപ്പു പ്രകാരം ഉണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് കണക്കുതീർക്കാനാണ് രണ്ടു പാർട്ടികളുടെയും ശ്രമം. ജമ്മു-കശ്മീരിൽ മത്സരം അഞ്ചു സീറ്റിലേക്ക്.
ഝാർഖണ്ഡ്
ഇൻഡ്യ മുന്നണിക്കു പിന്നിൽ ശക്തമായി ഉറച്ചുനിന്ന ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻമുഖ്യമന്ത്രിയുമായ ഹേമന്ദ് സോറൻ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നതിനൊടുവിൽ ജയിലിലാണ്. പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ പ്രായത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിൽ. ഹേമന്ദിന്റെ ഭാര്യ കൽപന നേതൃമുഖമായി ഉയർന്നു വരാനുള്ള ശ്രമത്തിൽ. കഴിഞ്ഞ തവണ 14ൽ ഒരു സീറ്റ് മാത്രം കിട്ടിയ ജെ.എം.എം ഈ അവസ്ഥയിലാണ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.