തെരഞ്ഞെടുപ്പ് ചൂടിൽ ലക്ഷദ്വീപ്
text_fieldsകൊച്ചി: ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, എം.പിയെ ഇടക്കാലത്ത് അയോഗ്യനാക്കിയത് തുടങ്ങിയ വിഷയങ്ങളിലൂടെ ദേശീയതലത്തിൽ ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വേദിയായ ലക്ഷദ്വീപ്, പാർലമെൻറ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാകും. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളാണ് പ്രധാന രാഷ്ട്രീയ കക്ഷികളുടെ പ്രചാരണത്തിൽ മുഖ്യവിഷയം. പണ്ടാരഭൂമി പിടിച്ചെടുക്കുന്നത്, നൂറുകണക്കിന് ആളുകളെ പിരിച്ചുവിട്ടത്, വിദ്യാഭ്യാസ മേഖലയിലെ വിവാദ പരിഷ്കാരങ്ങൾ എന്നിവയൊക്കെ ചർച്ചയാണ്. നിലവിലെ എം.പിയും എൻ.സി.പി-എസ് നേതാവുമായ പി.പി. മുഹമ്മദ് ഫൈസൽ ഇതിനകം പ്രചാരണം ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ കോൺഗ്രസും കളത്തിൽ നിറയും. മുൻ എം.പി ഹംദുല്ല സഈദ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ്-എൻ.സി.പി-എസ് പാർട്ടികൾ തമ്മിലായിരിക്കും ഇത്തവണയും പ്രധാന മത്സരം.
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നരമാസത്തോളമായി ഭവനസന്ദർശനങ്ങൾ നടന്നുവരുകയാണ്. എൻ.സി.പിയുടെ ആദ്യഘട്ട പ്രചാരണ പരിപാടികൾ അഞ്ചിന് ആന്ത്രോത്തിൽ സമാപിക്കും. ദ്വീപിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഉയർത്തിക്കാട്ടുമെന്ന് ഹംദുല്ല സഈദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപ്രതിനിധി അഡ്മിനിസ്ട്രേറ്ററാകുന്നത്. തുടർന്നുള്ള സംഭവങ്ങളും ദ്വീപിലെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ സംബന്ധമായ വിഷയങ്ങളുമൊക്കെ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾക്ക് പരിഹാരം എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ എൻ.സി.പി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എൻ.വൈ.സി ദേശീയ ജന. സെക്രട്ടറി അഡ്വ. കോയ അറഫ മിറാജ് പറഞ്ഞു. സ്വയംപര്യാപ്ത ലക്ഷദ്വീപിന് മാത്രമേ മാറിമാറി വരുന്ന അഡ്മിനിസ്ട്രേറ്റർമാരുടെ ജനവിരുദ്ധ നയങ്ങൾ ഇല്ലാതാക്കാനാകൂ. സ്വയംപര്യാപ്ത ലക്ഷദ്വീപിനുവേണ്ടി ഒരുവോട്ട് എന്നതാണ് പ്രധാന ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1957-1967 കാലഘട്ടത്തിൽ കോൺഗ്രസിലെ കെ. നല്ലകോയ തങ്ങൾ ലക്ഷദ്വീപിൽനിന്നുള്ള നോമിനേറ്റഡ് എം.പിയായിരുന്നു. 1967ൽ സ്വതന്ത്രനായും 1971 മുതൽ 2004 വരെ കോൺഗ്രസ് പ്രതിനിധിയായും തുടർച്ചയായി പി.എം. സഈദ് പ്രതിനിധീകരിച്ച ലോക്സഭ മണ്ഡലമാണ് ലക്ഷദ്വീപ്. 2004ൽ ജെ.ഡി.യു സ്ഥാനാർഥി പി. പൂക്കുഞ്ഞിക്കോയയോട് 71 വോട്ടിന് അദ്ദേഹം പരാജയപ്പെട്ടു.
2009ൽ എൻ.സി.പി സ്ഥാനാർഥിയായ പി. പൂക്കുഞ്ഞിക്കോയയെ പി.എം. സഈദിന്റെ മകൻ ഹംദുല്ല സഈദ് പരാജയപ്പെടുത്തിയതോടെ കോൺഗ്രസ് സീറ്റ് തിരിച്ചുപിടിച്ചു. ശേഷം 2014, 2019 തെരഞ്ഞെടുപ്പുകളിൽ ഹംദുല്ല സഈദിനെ പരാജയപ്പെടുത്തി എൻ.സി.പിയുടെ മുഹമ്മദ് ഫൈസൽ വിജയിച്ചു. കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാത്ത മണ്ണിൽ മുന്നേറ്റമുണ്ടാക്കാനുള്ള പരിശ്രമം നടത്തുന്നുണ്ട് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.