നാഗ്പുർ വിജയഗാഥ തുടരാൻ ഗഡ്കരി; തിരിച്ചുപിടിക്കാൻ താക്കറെ
text_fieldsനാഗ്പുർ: മധുരമൂറും ഓറഞ്ചുകളുടെ നാട്, ആർ.എസ്.എസിന്റെ ആസ്ഥാനം, ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ ദൂരമളന്ന സീറോ മൈൽക്കുറ്റി ചരിത്രമായുറങ്ങുന്ന മണ്ണ്. അങ്ങനെ നാഗ്പൂരിന് വിശേഷണങ്ങളേറെ.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കനത്ത പോരിന് അവിടം കാഹളം മുഴങ്ങിക്കഴിഞ്ഞു. ഹാട്രിക് വിജയത്തിന്, അതും അഞ്ചു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയം സ്വയം പ്രവചിച്ചു മത്സരത്തിനിറങ്ങിയ ബി.ജെ.പിയിലെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി കോൺഗ്രസ് സ്ഥാനാർഥിയെ കണ്ട് അരയും തലയും മുറുക്കി ഊർജം കൂട്ടിയിരിക്കുകയാണ്. നാഗ്പുർ വെസ്റ്റ് നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ വികാസ് താക്കറെയാണ് എതിരാളി. കോർപറേറ്റർ, മേയർ, എം.എൽ.എ പദവികളിൽ സാധാരണക്കാരുടെ ഇടയിൽ നിറഞ്ഞുനിൽക്കുന്ന വികാസ് സാധാരണക്കാരുടെ വിഷയവുമായിട്ടാണ് വോട്ട് തേടുന്നത്.
നാഗ്പൂരിൽ നിറഞ്ഞുകാണുന്ന മെട്രോ റെയിൽ, മേൽപാലങ്ങൾ, ഐ.ഐ.എം വികസനങ്ങളും വരാനിരിക്കുന്ന പദ്ധതികളുമായി വികസനമാണ് ഗഡ്കരിയുടെ മുദ്രാവാക്യം. കഴിഞ്ഞ 10 വർഷത്തെ വികസനങ്ങൾ തന്നേക്കുറിച്ച് പറയുമെന്ന് ഗഡ്കരി. സമൂഹത്തിലെ മേൽത്തട്ടിലുള്ളവർക്ക് മാത്രം ഉപകരിക്കുന്നതാണ് ഗഡ്കരിയുടെ വികസനങ്ങളെന്നും അതൊന്നും സാധാരണക്കാരെ സ്പർശിക്കുന്നില്ലെന്നും വികാസ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ), ആം ആദ്മി പാർട്ടി, ഉവൈസിയുടെ മജ്ലിസ് പാർട്ടി, സി.പി.ഐ, സി.പി.എം ഇവരെല്ലാം വികാസ് താക്കറേക്കാണ് പിന്തുണ. ഇതോടെ, പോര് ഗഡ്കരിയും വികാസ് താക്കറേയും നേരിട്ടാണ്.
ആർ.എസ്.എസ് ആസ്ഥാനമായിട്ടും നാഗ്പുർ ബി.ജെ.പിക്ക് അപ്രാപ്യമായിരുന്നു. ’96ലെ ബാബരി കാലത്ത് ബി.ജെ.പിയിലേക്ക് കൂറുമാറിയ കോൺഗ്രസ് നേതാവ് ബൻവരിലാൽ പുരോഹിത് ജയിച്ചതൊഴിച്ചാൽ 13 തവണ കോൺഗ്രസ് വാണ മണ്ഡലം. 2014ലാണ് തന്റെ കന്നിയങ്കത്തിലൂടെ ഗഡ്കരി പിടിക്കുന്നത്. അന്ന് 54.17 ശതമാനം വോട്ടും 2.84 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമുണ്ടായിരുന്നു ഗഡ്കരിക്ക്. ആ വർഷം ആപ്പും ബി.എസ്.പിയും 1.5 ലക്ഷത്തിലേറെ വോട്ട് പിടിച്ചു. 2019ൽ വോട്ട് ശതമാനം 55.67 ആക്കി ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, ഭൂരിപക്ഷം 2.16 ലക്ഷമായി കുറഞ്ഞു. നാഗ്പുരിൽ മോദിയല്ല തരംഗം, ഗഡ്കരിയുടെ വികസനമാണ് എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇത്തവണ വികാസ് താക്കറേ എതിരാളി ആയതോടെ പോരുമുറുകുമെങ്കിലും മേൽക്കൈ ഗഡ്കരിക്ക് തന്നെയാണെന്നാണ് വിലയിരുത്തൽ. ഇന്ദിര ഗാന്ധിയും വാജ്പേയിയും തെരഞ്ഞെടുപ്പുകളിൽ തോറ്റത് ചൂണ്ടിക്കാട്ടി ഏതു കരുത്തരും മറിഞ്ഞുവീഴാമെന്ന് വികാസ് പറയുന്നു. സിംഹക്കൂട്ടിലാണോ താൻ കൈയിട്ടത്, അതോ കൂട്ടിലേക്ക് കയറിച്ചെന്നത് സിംഹമാണോ എന്ന് ഉടനെ അറിയാമെന്ന് വികാസ്. അപ്പോഴും സ്വതസിദ്ധമായ ചിരിയിൽ ഗഡ്കരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.