തമിഴകത്ത് കൂട്ടിയും കിഴിച്ചും
text_fieldsചെന്നൈ: തമിഴകത്ത് ഇനി കാത്തിരിപ്പിന്റെ 44 ദിവസങ്ങൾ. വോട്ടിങ് യന്ത്രം തുറക്കുന്നത് ജൂൺ നാലിനുമാത്രം. അതുവരെ കണക്കുകൂട്ടിയും കിഴിച്ചും രാഷ്ട്രീയപാർട്ടികൾക്ക് പ്രതീക്ഷകൾ വെച്ചുപുലർത്താം. 2009നു ശേഷമുള്ള ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ്(69.46) ഇത്തവണ രേഖപ്പെടുത്തിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ മൂന്നു ശതമാനം കുറവാണിത്. ഇത് ആരെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് എല്ലാ രാഷ്ട്രീയപാർട്ടികളും. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 73.02 ശതമാനവും 2014ൽ 73.74 ശതമാനവും 2019 ൽ 72.47 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
വോട്ടിങ് ശതമാനം ഉയർത്തുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി കോടികൾ ചെലവഴിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
വോട്ടിങ് ശതമാനം കുറഞ്ഞത് ഡി.എം.കെ മുന്നണിക്ക് ഗുണകരമാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വോട്ടർമാർക്കിടയിൽ നിർണായക സ്വാധീനമുള്ള കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി, എം.ഡി.എം.കെ, മുസ്ലിംലീഗ്, മനിതനേയ മക്കൾ കക്ഷി, കൊങ്കുനാട് മകൾ ദേശീയ കക്ഷി, കമൽ ഹാസന്റെ മക്കൾ നീതിമയ്യം എന്നീ കക്ഷികളെ കൂടെ നിർത്താൻ ഡി.എം.കെക്ക് കഴിഞ്ഞതാണ് നേട്ടം.
ബി.ജെ.പി, അണ്ണാ ഡി.എം.കെ മുന്നണികൾ തമ്മിൽ മുഖ്യമായും രണ്ടാം സ്ഥാനത്തേക്കുള്ള പോരാട്ടമായിരിക്കും നടക്കുക. ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെയുടെയും സഖ്യകക്ഷികൾക്ക് സംസ്ഥാനത്തെ ചില പോക്കറ്റുകളിൽ മാത്രമാണ് സ്വാധീനമുള്ളത്.
കെ. അണ്ണാമലൈ ബി.ജെ.പി അധ്യക്ഷനായതിനുശേഷം സംസ്ഥാനത്ത് ബി.ജെ.പി അഭൂതപൂർവമായ വളർച്ച നേടിയതായാണ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചത്. ഈ നിലയിൽ തമിഴകമൊട്ടുക്കും ബി.ജെ.പി എത്ര ശതമാനം വോട്ട് നേടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണനേട്ടങ്ങൾക്ക് അംഗീകാരവും മോദി സർക്കാറിനെതിരായ ജനവികാരവുമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.