വിധിയെഴുത്തിന് മഷിപുരണ്ടു; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
text_fields2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിന് തുടക്കമായി. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഇന്ന് 21 സംസ്ഥാനങ്ങളിലായി 102 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തും.
രാവിലെ ഏഴുമണിക്ക് തുടക്കമായ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത് ജൂൺ ഒന്നിനാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്.
ആദ്യഘട്ടത്തിൽ ഇന്ന് അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
39 സീറ്റുകളുള്ള തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലേക്കും ആദ്യ ഘട്ടമായ ഇന്നാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടമായ ഏപ്രിൽ 26നാണ് കേരളം ബൂത്തിലെത്തുക. തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേറാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി കരുക്കൾ നീക്കുമ്പോൾ ഏതുവിധേനയും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി സർവസജ്ജരായി രംഗത്തുണ്ട്.
സിക്കിമിലും അരുണാചലിലും നിയമസഭ വോട്ടെടുപ്പും
കുറുമാറ്റങ്ങൾ തുടർക്കഥയായ സിക്കിമിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞുനിൽക്കുന്ന അരുണാചൽ പ്രദേശിലും ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള വോട്ടെടുപ്പും നടക്കും. 32 മണ്ഡലങ്ങളുള്ള സിക്കിമിൽ 146 സ്ഥാനാർഥികളും അരുണാചലിൽ 50 മണ്ഡലങ്ങളിൽ 133 പേരുമാണ് മത്സരരംഗത്തുള്ളത്. അരുണാചലിൽ 60 അംഗ നിയമസഭയാണ്. എന്നാൽ, 10 മണ്ഡലങ്ങളിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മത്സരം 50ലേക്ക് ചുരുങ്ങിയത്.
സിക്കിമിൽ മുഖ്യമന്ത്രി പ്രേം സിങ് തമാങ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് തുടങ്ങിയവരാണ് മത്സരരംഗത്തെ പ്രമുഖർ. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം) അധ്യക്ഷനായ പ്രേം സിങ് തമാങ് രണ്ട് മണ്ഡലങ്ങളിൽനിന്നാണ് മത്സരിക്കുന്നത്. ഗാങ്ടോക് ജില്ലയിലെ റെനോക്, സോറെങ് ജില്ലയിലെ സോറെങ് ചകൂങ് മണ്ഡലങ്ങളിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. ഒമ്പതാം തവണ മത്സരിക്കുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്.ഡി.എഫ്) അധ്യക്ഷൻ പവൻ കുമാർ ചാംലിങ്ങും രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടുന്നുണ്ട്.
എസ്.കെ.എം, എസ്.ഡി.എഫ് എന്നിവ 32 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ബി.ജെ.പി 31 മണ്ഡലങ്ങളിലും കോൺഗ്രസ് 12ലും മത്സരിക്കുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. പിന്നീട്, എസ്.ഡി.എഫിലെ 10 എം.എൽ.എമാർ കൂറുമാറി ബി.ജെ.പിയിൽ എത്തി. 2019 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.കെ.എമ്മുമായി ചേർന്ന് രണ്ട് സീറ്റിലും ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ 12 എം.എൽ.എമാരിൽ അഞ്ച് പേർ പിന്നീട് പാർട്ടിവിട്ട് എസ്.കെ.എമ്മിൽ ചേർന്നു.
അരുണാചലിൽ മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മെയിൻ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറ് മണ്ഡലങ്ങളിൽ ഓരോ നാമനിർദേശ പത്രിക വീതമാണ് സമർപ്പിച്ചത്. നാല് മണ്ഡലങ്ങളിൽ മറ്റുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ 41 നിയമസഭാ സീറ്റുകളും രണ്ട് ലോക്സഭാ സീറ്റുകളുമാണ് ബി.ജെ.പി നേടിയത്. ജെ.ഡി.യു ഏഴ് സീറ്റിലും എൻ.പി.പി അഞ്ചിലും കോൺഗ്രസ് നാലിലും ജയിച്ചു. പി.പി.എ ഒരു സീറ്റിലും സ്വതന്ത്രർ രണ്ടിടങ്ങളിലും വിജയം സ്വന്തമാക്കി. ജെ.ഡി.യുവിലെ ഏഴംഗങ്ങളും പിന്നീട് ബി.ജെ.പിയിലേക്ക് കൂറുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.