കോട്ടയുടെ നാട്ടിൽ മറുനാട്ടുകാരുടെ പോര്
text_fieldsകോട്ടനാടാണ് ചിത്രദുർഗ. ദലിത് വോട്ടുകൾ നിർണായകമായ പട്ടികജാതി സംവരണ മണ്ഡലം. കോൺഗ്രസിനായി ബി.എൻ. ചന്ദ്രപ്പ വീണ്ടും ജനവിധി തേടുമ്പോൾ മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളാണ് ബി.ജെ.പിക്ക് വേണ്ടി രംഗത്തുള്ളത്. ഇരുവരും ചിത്രദുർഗ സ്വദേശികളല്ല എന്നതാണ് കൗതുകം. പുറംനാട്ടുകാരെ വിജയിപ്പിക്കാൻ ചിത്രദുർഗക്കാർ മടികാണിക്കാറില്ല.
വളരെ പരിതാപകരമായ അടിസ്ഥാനസൗകര്യ വികസനം, ജലദൗർലഭ്യം, തുടർച്ചയായ വരൾച്ച, ഏറെ പേർക്ക് ആശ്വാസമാകേണ്ട ബദ്ര ജലസേചന പദ്ധതി, യാത്രക്കാർക്കും വ്യവസായങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന തുമകൂരു-ദാവൻഗരെ റെയിൽവേ ലൈൻ തുടങ്ങി നിത്യജീവിതത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ജാതിസമവാക്യങ്ങളും പാർട്ടി വീമ്പുപറച്ചിലുകളും വോട്ടു വിഹിതത്തിന്റെ കണക്കുകൂട്ടലുകളുമാണ് ചർച്ചയാകുന്നതെന്നത് ചിത്രദുർഗയുടെ ദുർവിധി.
7.7 ലക്ഷം പട്ടികജാതി-പട്ടികവർഗ വോട്ടുകളുണ്ട് മണ്ഡലത്തിൽ. രണ്ടു ലക്ഷത്തോളം വരുന്ന ലിംഗായത്തുകളും 1.75 ലക്ഷം വൊക്കലിഗരും 1.3 ലക്ഷത്തോളം വരുന്ന മുസ്ലിംകളും കുറുബരും മണ്ഡലത്തിൽ വിധിനിർണായക ശക്തികളാണ്.
മണ്ഡലത്തിൽ നടന്ന 17ൽ 12 തെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയിച്ച ചരിത്രമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചിത്രദുർഗയിലെ എട്ടു നിയോജക മണ്ഡലത്തിൽ ഏഴും കോൺഗ്രസ് കൈക്കലാക്കി.
വൊക്കലിഗ-അഹിന്ദ വോട്ടുകൾ ലഭിക്കുമെന്നതിന് പുറമെ സിദ്ധരാമയ്യ സർക്കാറിന്റെ ഗാരന്റി പ്രോഗ്രാമുകൾ ചിത്രദുർഗയിലെ ഓരോ വീട്ടിലുമെത്തിയിട്ടുണ്ടെന്നും അത് വോട്ടിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് സ്ഥാനാർഥി ചന്ദ്രപ്പ.
സ്ത്രീ വോട്ടുകൾ കൂടുതലും അനുകൂലമായിരിക്കുമെന്നതും സിദ്ധരാമയ്യയുടെ ശക്തികേന്ദ്രമെന്നതും പ്രതീക്ഷ വർധിപ്പിക്കുന്നു. ലിംഗായത്ത്-വൊക്കലിഗ വോട്ടുകൾ അക്കൗണ്ടിൽ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് ചിത്രദുർഗയിൽ ബി.ജെ.പി.
തീവ്രവാദികളെ തുടച്ചുനീക്കി രാജ്യം സുരക്ഷിതമാക്കാൻ മോദിയെ പ്രധാനമന്ത്രിയാക്കൂ എന്നാവർത്തിക്കുക മാത്രമാണ് ബി.ജെ.പി മണ്ഡലത്തിൽ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.