ലോക്സഭ തെരഞ്ഞെടുപ്പ്: നിർണായക ഇൻഡ്യ മുന്നണി യോഗം ഇന്ന്
text_fieldsന്യൂഡൽഹി: അടുത്ത വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷമായ ഇൻഡ്യ മുന്നണി സഖ്യത്തിന്റെ നിർണായക യോഗം ചൊവ്വാഴ്ച ഡൽഹിയിൽ ചേരും. സീറ്റ് ധാരണ, സംയുക്ത പ്രചാരണം എന്നിവയിൽ യോഗത്തിൽ തീരുമാനമെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയുണ്ടായശേഷം ഇതാദ്യമായാണ് സഖ്യത്തിന്റെ യോഗം ചേരുന്നത്.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ സീറ്റ് വിഭജനം ഉൾപ്പെടെ സഖ്യത്തിന്റെ മുന്നിലുള്ള എല്ലാ വിഷയങ്ങളും പരിഹരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. പ്രതിപക്ഷ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. രാജ്യമെങ്ങും സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ സന്നദ്ധയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിയിലെത്തിയ മമത ബാനർജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചർച്ച നടത്തി. സഖ്യത്തിന്റെ വിവിധ സമിതികൾ സജീവമാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ശിവസേന ഉദ്ധവ്പക്ഷ നേതാവ് ഉദ്ദവ് താക്കറെയും തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.