ലോക്സഭ തെരഞ്ഞെടുപ്പ്: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ ഭീമമായ അന്തരം
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്തെ മൂന്ന് മണ്ഡലങ്ങളിലൊഴികെ വോട്ടുയന്ത്രങ്ങളിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരമെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ. ദാമൻ ദിയു, ലക്ഷദ്വീപ്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വൈരുധ്യമില്ലാത്തത്. 140 മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ പോൾ ചെയ്യപ്പെട്ട വോട്ടുകളെക്കാൾ അധികമാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്.
അസമിലെ കരീംഗഞ്ചിൽ 3,811 വോട്ടുകളാണ് പോളിങ് സമയത്ത് രേഖപ്പെടുത്തിയതിൽനിന്ന് ഇ.വി.എമ്മിൽ അധികം കാണിച്ചത്. ഇവിടെ ആകെ പോൾ ചെയ്തത് 11,36,538 വോട്ടുകളാണ്. എന്നാൽ എണ്ണിയപ്പോഴാകട്ടെ 11,40,349 വോട്ടുകളാണ് ഉണ്ടായിരുന്നത്.
ആന്ധ്രപ്രദേശിലെ ഓങ്ഗോളിൽ 13,99,707 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്കുകൾ. എണ്ണിയപ്പോഴാകട്ടെ 14,01,174 വോട്ടുകളും- 1,467 വോട്ടിന്റെ വ്യത്യാസം. മധ്യപ്രദേശിലെ മണ്ട്ലയിൽ 15,30,861 വോട്ടുകൾ പോൾ ചെയ്തിടത്ത് എണ്ണിയപ്പോൾ ഉണ്ടായിരുന്നത് 15,31,950 വോട്ടുകളാണ്- 1,089 വോട്ടിന്റെ വ്യത്യാസം.
തമിഴ്നാട്ടിലെ തിരുവല്ലൂരിൽ രേഖപ്പെടുത്തിയ വോട്ടുകളെക്കാൾ 16,791 വോട്ടിന്റെ കുറവാണ് എണ്ണിയപ്പോൾ ഉണ്ടായിരുന്നത്. മണ്ഡലത്തിൽ ആകെ 14,30,738 വോട്ടുകൾ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, എണ്ണിയപ്പോൾ 14,13,947 വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
അസമിലെ കൊക്രാഝാർ മണ്ഡലത്തിൽ ആകെ പോൾ ചെയ്തത് 12,40,306 വോട്ടുകളാണ്. ഇവിടെ വോട്ടെണ്ണിയപ്പോൾ രേഖപ്പെടുത്തിയതാവട്ടെ 12,29,546 വോട്ടുകളും-10,760 വോട്ടിന്റെ കുറവ്. ഒഡിഷയിലെ ധെങ്കൽ മണ്ഡലത്തിൽ പോൾ ചെയ്തത് 11,93,460 വോട്ടുകളാണ്. എണ്ണിയപ്പോൾ 11,84,033 വോട്ടുകളും- 9,427 വോട്ടിന്റെ കുറവ്.
ഇ.വി.എം വോട്ടുകളും പോസ്റ്റൽ വോട്ടുകളും പ്രത്യേകമായാണ് എണ്ണുന്നതെന്ന് നേരത്തെ കമീഷൻ വ്യക്തമാക്കിയിരുന്നു. മേയ് 25നാണ് ആദ്യ അഞ്ചുഘട്ടങ്ങളിൽ നടന്ന പോളിങ്ങിന്റെ വോട്ടുകണക്കുകൾ കമീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തക്കുറിപ്പിൽ ഇ.വി.എമ്മിൽ പോൾ ചെയ്ത വോട്ടുകളിൽ മാറ്റം വരുത്താനാവില്ലെന്ന് കമീഷൻ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇത്രയധികം മണ്ഡലങ്ങളിൽ ഇ.വി.എമ്മിൽ രേഖപ്പെടുത്തപ്പെട്ട വോട്ടുകളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകൾ സംബന്ധിച്ച വാർത്തകളോട് തെരഞ്ഞെടുപ്പു കമീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ‘ദ വയർ’റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ‘എക്സി’ൽ ഈ വാർത്തയടക്കം ആരോപണം പങ്കുവെച്ചിരുന്നു.
രാജ്യത്ത് വിവിധ മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിന്റെ പകുതിയോളം ഇത്തരത്തിലുള്ള വോട്ടുവ്യത്യാസമുണ്ടെന്ന ആരോപണം ഗൗരവകരമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഛത്തിസ്ഗഢിലെ കാങ്കർ മണ്ഡലത്തിൽ ഇത്തരത്തിൽ എണ്ണാതെ ഒഴിവാക്കിയത് 950 വോട്ടുകളാണ്.
അവിടെ ബി.ജെ.പിയുടെ സ്ഥാനാർഥി ബ്രേജ്രാജ് നാഗ് ജയിച്ചതാകട്ടെ 1,884 വോട്ടിന്റെ ഭൂരിപക്ഷത്തിനും. രാജസ്ഥാനിലെ ജയ്പുർ റൂറലിൽ 852 വോട്ടുകൾ എണ്ണാതെ ഒഴിവാക്കിയപ്പോൾ ബി.ജെ.പിയുടെ റാവു രാജേന്ദ്രസിങ് ജയിച്ചത് 1,615 വോട്ടിനാണ്.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സമാനമായ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോം സമർപ്പിച്ച ഹരജിയിൽ 2024ലാണ് സുപ്രീംകോടതി വാദം കേട്ടത്. ആരോപണങ്ങൾ കോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.