ലോക്സഭ തെരഞ്ഞെടുപ്പ് രണ്ട് ആദർശങ്ങൾ തമ്മിലെ പോരാട്ടം -രാഹുൽ ഗാന്ധി
text_fieldsബംഗളൂരു: ഈ ലോക്സഭ തെരഞ്ഞെടുപ്പ് രണ്ട് ആദർശങ്ങൾ തമ്മിലെ പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച മണ്ഡ്യയിൽ കോൺഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ മുന്നണി ഭരണഘടനക്കുവേണ്ടി പോരാടുന്നു. ബി.ജെ.പിയാകട്ടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അത് സാധാരണ ജനങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും കച്ചവടക്കാരുടെയും സർക്കാറായിരിക്കും. എന്നാൽ, ഏതാനും ധനികർക്കായാണ് ബി.ജെ.പി സർക്കാർ നിലകൊള്ളുന്നത് -രാഹുൽ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രാഹുൽ ഗാന്ധിയുടെ കർണാടകയിലെ ആദ്യ സന്ദർശനമായിരുന്നു ബുധനാഴ്ചത്തേത്. മണ്ഡ്യയിലെ റാലിക്ക് ശേഷം അദ്ദേഹം കോലാറിൽ കോൺഗ്രസ് പ്രചാരണ റാലിയിൽ പങ്കെടുത്തു.
മണ്ഡ്യയിൽ കോൺഗ്രസ് സ്ഥാനാർഥിയായ ‘സ്റ്റാർ ചന്ദ്രു’വിന്റെ വിജയം സൂര്യൻ കിഴക്കുദിക്കുന്നതുപോലെ പുലരാൻ പോകുന്ന സത്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുമാരസ്വാമി രാമനഗര ജില്ലയിൽനിന്നുള്ള എം.എൽ.എയാണ്. അദ്ദേഹത്തിന് ആ മേഖല ഉൾപ്പെടുന്ന ബംഗളൂരു റൂറലിൽ മത്സരിക്കാമായിരുന്നു. എന്നാൽ, തോൽവി ഭയന്നാണ് മണ്ഡ്യയിലേക്ക് വന്നത്.
മണ്ഡ്യയിലെ ജനങ്ങൾ അവരെ തോൽപിക്കുമെന്നും കുമാരസ്വാമിയുടെ പരാജയം സുനിശ്ചിതമാണെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ 10 വർഷമായിട്ടും മോദിയുടെ അച്ഛേ ദിൻ വന്നിട്ടില്ല. ഡീസലിന്റെയും പെട്രോളിന്റെയും ഗ്യാസിന്റെയും വളത്തിന്റെയും പാചക എണ്ണയുടെയുമടക്കം വില വർധിപ്പിച്ച മോദിയുടെ ഭരണം കൊണ്ട് ജീവിതം ദുസ്സഹമായ സാധാരണക്കാർക്കു വേണ്ടിയാണ് ഞങ്ങൾ കർണാടകയിൽ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികൾ അവതരിപ്പിച്ചത്. ആരാണ് നിങ്ങളോടുള്ള വാഗ്ദാനങ്ങൾ പാലിച്ചതെന്ന് നിങ്ങൾ ഹൃദയത്തോട് ചോദിച്ച ശേഷം വോട്ടുചെയ്യണമെന്ന് സിദ്ധരാമയ്യ ജനങ്ങളോടായി പറഞ്ഞു. ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, സ്ഥാനാർഥി ‘സ്റ്റാർ ചന്ദ്രു’ എന്ന വെങ്കടരമണഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡ്യയിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സ്ഥാനാർഥിയായ എച്ച്.ഡി. കുമാരസ്വാമിയെയാണ് കോൺഗ്രസ് സ്ഥാനാർഥിയായ ‘സ്റ്റാർ ചന്ദ്രു’ നേരിടുന്നത്. കഴിഞ്ഞതവണ മണ്ഡ്യയിൽ കോൺഗ്രസ്-ജെ.ഡി-എസ് സഖ്യ സ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മത്സരിച്ചിരുന്നത്. എന്നാൽ, ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷിനോട് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.