കമൽഹാസൻ നക്ഷത്ര പ്രചാരകൻ
text_fieldsചെന്നൈ: തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യത്തിൽ നക്ഷത്രതാരമായ മക്കൾ നീതിമയ്യം(എം.എൻ.എം) പ്രസിഡന്റും നടനുമായ കമൽഹാസന് പ്രചാരണരംഗത്ത് ഏറെ ഡിമാൻഡ്. കമൽഹാസനെ അവരവരുടെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തിക്കാൻ സ്ഥാനാർഥികൾ കടുത്ത സമ്മർദമാണ് ചെലുത്തുന്നത്. കമൽഹാസന്റെ പ്രചാരണ പൊതുയോഗങ്ങളിൽ വൻ ജനക്കൂട്ടമെത്തുന്നതാണ് ഇതിന് കാരണം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും എം.എൻ.എം മത്സരിച്ചെങ്കിലും ഒറ്റ സീറ്റിൽ പോലും ജയിക്കാനായില്ല. കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിൽ കമൽഹാസൻ നേരിട്ട് രംഗത്തിറങ്ങിയെങ്കിലും മതേതര വോട്ടുകൾ ഭിന്നിച്ചതിനാൽ ബി.ജെ.പി സ്ഥാനാർഥി ജയിച്ചു കയറുകയായിരുന്നു.
കോയമ്പത്തൂർ മണ്ഡലത്തിൽ ഡി.എം.കെ സഖ്യം സ്ഥാനാർഥിയായി കമൽഹാസൻ ജനവിധി തേടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. ബി.ജെ.പിയുടെ അണ്ണാമലൈ കോയമ്പത്തൂരിൽ സ്ഥാനാർഥിയായതോടെ ഡി.എം.കെ സ്വന്തം സ്ഥാനാർഥിയെ രംഗത്തിറക്കുകയായിരുന്നു. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണിത്. അവർക്ക് പകരം ഡിണ്ടിഗൽ നൽകി. 2025ൽ ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കമൽഹാസന് നൽകാമെന്ന് ഡി.എം.കെ വാഗ്ദാനം നൽകിയിട്ടുണ്ട്. ഈ നിലയിൽ കമൽഹാസൻ തമിഴകമൊട്ടുക്കും പ്രചാരണരംഗത്തിറങ്ങാനും തീരുമാനമായി. ഇതിനായി കമൽഹാസൻ സ്വന്തം ചെലവിൽ അത്യാധൂനിക സംവിധാനങ്ങളോടുകൂടിയ പ്രചാരണ കാരവാൻ വാഹനം പുറത്തിറക്കി. നിലവിൽ ഈ വാഹനത്തിലാണ് കമൽഹാസൻ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് എത്തുന്നത്. അതാതിടങ്ങളിലെ സ്ഥാനാർഥികളെ വാഹനത്തിൽ കമൽഹാസനോടൊപ്പം കയറ്റിനിർത്തും.
മത്സരരംഗത്തുനിന്ന് പിന്മാറിയതിൽ എം.എൻ.എം പാർട്ടി അണികൾ നിരാശരാണ്. കമൽഹാസൻ മത്സരരംഗത്തുനിന്ന് ഒളിച്ചോടിയതായി സമൂഹ മാധ്യമങ്ങളിൽ ബി.ജെ.പി കേന്ദ്രങ്ങൾ പരിഹസിക്കുകയും ചെയ്തു.
മുഖ്യമായും ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെയാണ് കമൽഹാസൻ വിമർശിക്കുന്നത്. രാജ്യ തലസ്ഥാനം നാഗ്പുരാക്കാനാണ് ശ്രമിക്കുന്നതെന്നും ഏകമത രാഷ്ട്രമായി ഇന്ത്യയെ മാറ്റാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കമൽഹാസൻ ആരോപിക്കുന്നു. ഹിന്ദി മാത്രം ഭരണഭാഷയാക്കുക, രാജ്യത്ത് ഒരേയൊരു മതം, പാഠപുസ്തക സിലബസുകളിൽ പുരാണകഥകൾ ചരിത്രമാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ബി.ജെ.പി സർക്കാർ നീങ്ങുന്നത്. നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയോട് സാമ്യമുള്ളതാണെന്നും വിഘടന ശക്തികളെ മുതലെടുക്കാൻ അനുവദിക്കാതെ രാജ്യത്തിന്റെ ക്ഷേമത്തിനു പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചണിനിരക്കേണ്ടതിന്റെ ആവശ്യകതയും കമൽഹാസൻ തന്റെ പ്രസംഗത്തിൽ ഊന്നിപ്പറയുന്നു. കമൽഹാസന്റെ പ്രചാരണം ബി.ജെ.പി -സംഘ്പരിവാർ കേന്ദ്രങ്ങളെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.