അഞ്ചാം ഘട്ടത്തിലും യു.പിയിൽ കോട്ടം ബി.ജെ.പിക്ക്
text_fieldsഎട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങൾ ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ യു.പിയിൽ മേൽക്കൈ ഉണ്ടെങ്കിലും 2019ൽ ജയിച്ച 13 മണ്ഡലങ്ങളും നിലനിർത്താൻ കഴിയാത്ത നിലയിലാണ് ബി.ജെ.പി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയൊഴികെ അമേത്തിയടക്കം 13 മണ്ഡലങ്ങളിലും ജയിച്ചത് ബി.ജെ.പിയായിരുന്നുവെങ്കിൽ ഇത്തവണ റായ്ബറേലിക്ക് പുറമെ ബി.ജെ.പിയുടെ മൂന്ന് സീറ്റുകളെങ്കിലും പിടിച്ചെടുക്കാവുന്ന നിലയിലാണ് ഇൻഡ്യ സഖ്യം. സോണിയ ഗാന്ധി മാറി പകരം രാഹുൽ ഗാന്ധി മൽസരിക്കുന്ന റായ്ബറേലിക്കും സ്മൃതി ഇറാനിയിൽനിന്ന് ഗാന്ധികുടുംബത്തിന്റെ തട്ടകം തിരിച്ചുപിടിക്കാൻ കിഷോരി ലാൽ ശർമ ഇറങ്ങിയ അമേത്തിക്കും പുറമെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൽസരിക്കുന്ന ലഖ്നോയും രാമക്ഷേത്രം പണിത അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദുമാണ് ഉത്തർപ്രദേശിലെ ശ്രദ്ധേയമായ മണ്ഡലങ്ങൾ. കഴിഞ്ഞ തവണ ജയിച്ച റായ്ബറേലിക്ക് പുറമെ അമേത്തിയും കോശാംബിയും ബാരാബങ്കിയും പിടിച്ചെടുക്കാമെന്ന നിലയിലാണ് ഇൻഡ്യ. ലഖ്നോ, ഝാൻസി, ഫത്തേപൂർ, ഫൈസാബാദ്, കൈസർഗഞ്ച്, ഗോണ്ട, ഹാമിർപൂർ, ബാന്ദ എന്നിവിടങ്ങളിൽ ബി.ജെ.പി ജയമുറപ്പിച്ചിരിക്കുകയാണ്. ജലാവുൻ, മോഹൻലാൽ ഗഞ്ച്, കൈസർ ഗഞ്ച് എന്നിവിടങ്ങളിൽ കടുത്ത മത്സരമാണ്.
കേന്ദ്രമന്ത്രിമാരിൽ രാജ്നാഥ് സിങ് ലഖ്നോയിലും സാധ്വി നിരഞ്ജൻ ജ്യോതി ഫത്തേപൂരിലും ഭാനുപ്രതാപ് സിങ് വർമ ജലോനിലും കൗശൽ കിഷോർ മോഹൻലാൽ ഗഞ്ചിലും ജയമുറപ്പിക്കുമ്പോൾ അമേത്തിയിൽ സ്മൃതി ഇറാനിയുടെ നില പരുങ്ങലിലാണ്. രാമക്ഷേത്രം പണിത അയോധ്യയുൾക്കൊള്ളുന്ന ഫൈസാബാദിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി ലല്ലു സിങ് സീറ്റ് നിലനിർത്തിയേക്കും. ഗാന്ധികുടുംബം അഭിമാന പോരാട്ടമായി ഏറ്റെടുത്ത റായ്ബറേലിയിലും അമേത്തിയിലും ജയമുറപ്പിക്കാൻ തെരഞ്ഞെടുപ്പ് കഴിയുംവരെ ക്യാമ്പ് ചെയ്യുകയാണ് പ്രിയങ്ക. മൽസരിക്കുന്ന10 സീറ്റുകളിൽ കൂടുതൽ ഒ.ബി.സി സ്ഥാനാർഥികളെ രംഗത്തിറക്കി ബി.ജെ.പിക്ക് പരമാവധി പരിക്കേൽപിക്കാനുള്ള ശ്രമത്തിലാണ് സമാജ്വാദി പാർട്ടി. ബി.എസ്.പി സ്ഥാനാർഥികളുടെ സാന്നിധ്യം ഈ ഘട്ടത്തിൽ നിർണായകമാണ്. ഇൻഡ്യ സഖ്യത്തേക്കാളേറെ ബി.ജെ.പിക്കാണ് ഈ ഘട്ടത്തിൽ ബി.എസ്.പി പരിക്കേൽപിക്കുക. മേഖലയിൽ നിർണായക സ്വാധീനമുള്ള ഠാകുർ നേതാവ് രാജ ഭയ്യ തന്റെ പിന്തുണ ആർക്കെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ തയാറായിട്ടില്ലെങ്കിലും മോദിയോടുള്ള ഠാകുർ രോഷത്താൽ അണികൾ ഇൻഡ്യ സഖ്യത്തിന് വോട്ടു ചെയ്യുമെന്നാണ് അവസാന സൂചനകൾ. അങ്ങനെയെങ്കിൽ കോശാംബി എസ്.പി ജയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.