കീഴടങ്ങി സർക്കാർ: കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ഇരുസഭകളും പാസാക്കി
text_fieldsന്യൂഡൽഹി: വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ഇരുസഭകളും പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളമുണ്ടാക്കി. അതേസമയം, ലോക്സഭയിൽ നിന്ന് വ്യത്യസ്തമായി ചെറിയ ചർച്ചക്ക് ശേഷമാണ് രാജ്യസഭയിൽ ബിൽ പാസായത്. രാജ്യസഭയിലും ബിൽ പാസായതോടെ രാഷ്ട്രപതി ഒപ്പുവെച്ചാൽ ഇത് നിയമമായി മാറും.
കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവന്നത്. ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ അവസരം നൽകാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ ലോക്സഭയിൽ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.
പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിെൻറ ആദ്യദിനമായ തിങ്കളാഴ്ചയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. അതേസമയം, മുട്ടുമടക്കേണ്ടി വന്ന നിർബന്ധിതാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബില്ലിലെ വാക്കുകൾ. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ രാജ്യത്തെ കർഷകരിൽ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബിൽ വിശദീകരിച്ചു. എന്നാൽ എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബിൽ പിൻവലിക്കുകയാണ്. നാമമാത്ര, ചെറുകിടക്കാർ അടക്കം കർഷകരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങൾ കൊണ്ടുവന്നതെന്ന് പിൻവലിക്കൽ ബില്ലിൽ സർക്കാർ വിശദീകരിക്കുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വിളകൾ വിൽക്കുന്നതിന് കർഷകരെ സഹായിക്കാനും സാങ്കേതികവിദ്യയുടെ നേട്ടം ലഭ്യമാക്കാനും കാർഷിക ചന്തകളുമായി കൂടുതൽ അടുപ്പിക്കാനും, അതുവഴി ഉയർന്ന വരുമാനം ലഭ്യമാക്കാനുമാണ് ശ്രമിച്ചതെന്നും ബില്ലിൽ പറഞ്ഞു.
സർക്കാറിെൻറ വീഴ്ച തുറന്നുകാട്ടാൻ പ്രതിപക്ഷം ബില്ലിൻമേൽ ചർച്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുമതി നിഷേധിച്ചു. നേരത്തെതന്നെ പാർട്ടിയുടെ എല്ലാ എം.പിമാരും സഭയിൽ ഹാജരായിരിക്കണമെന്ന് ബി.ജെ.പിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും വിപ്പ് നൽകിയിരുന്നു.
കാർഷികോൽപന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം, വില സ്ഥിരത കർഷക സേവന കർഷക ശാക്തീകരണ സംരക്ഷണ കരാർ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് ഒരു വർഷം നീണ്ട കർഷകരുടെ ശക്തമായ ചെറുത്തു നിൽപിനെ തുടർന്ന് പിൻവലിച്ചത്. നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു കിട്ടാതെ പിന്മാറ്റമില്ലെന്ന് വ്യക്തമാക്കി കർഷക സംഘടനകൾ സമരരംഗത്തു തന്നെ തുടരുകയാണ്.
മൂന്നു കർഷക വിരുദ്ധ നിയമങ്ങളും പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച പാർലമെൻറിലേക്ക് നടത്താനിരുന്ന ട്രാക്ടർ മാർച്ച് കർഷക സമരസംഘടനകൾ വേണ്ടെന്നു വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.