35 ഭേദഗതികൾ;പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ലോക്സഭയിൽ ധനബിൽ പാസാക്കി
text_fieldsന്യൂഡൽഹി: ഓൺലൈൻ പരസ്യങ്ങൾക്ക് ആറുശതമാനം ഡിജിറ്റൽ നികുതി ഇല്ലാതാക്കുന്നതടക്കം സർക്കാർ കൊണ്ടുവന്ന 35 ഭേദഗതികളോടെ ലോക്സഭ ധനബിൽ പാസാക്കി. ഇതോടെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ലോക്സഭയിലെ നിയമ നിർമാണ നടപടി പൂർത്തിയായി.
ധനബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യം പരിമിതപ്പെടുത്തുന്നതടക്കം എം.പിമാർ ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ മറുപടി നൽകാത്ത ധനമന്ത്രി നിർമല സീതാരാമന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബിൽ പാസാക്കിയത്. ബിൽ ഇനി രാജ്യസഭ പരിഗണിക്കും.
പെൻഷൻ പരിമിതപ്പെടുത്തിയെന്ന് പ്രതിപക്ഷം
ധനബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യം പരിമിതപ്പെടുത്തുന്നത് എന്‍.കെ. പ്രേമചന്ദ്രനും കെ.സി. വേണുഗോപാലും ചോദ്യം ചെയ്തു. പുതിയ ഭേദഗതി അനുസരിച്ച് കേന്ദ്ര പേ കമീഷന് ശിപാര്‍ശകളുടെ ആനുകൂല്യം വിരമിച്ച മുന്‍കാല ജീവനക്കാര്‍ക്ക് ലഭിക്കില്ല. ശിപാര്‍ശ നടപ്പാക്കിയശേഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പുതിയ പെന്ഷന് ആനുകൂല്യം ലഭിക്കൂ.
പേ കമീഷന് ശിപാര്‍ശകള്‍ എന്നുമുതല്‍ നടപ്പാക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരവും കേന്ദ്ര സര്‍ക്കാറിന് നല്കിയ ഭേദഗതി പിന്‍വാതില്‍ നിയമനിർമാണമാണെന്നും പ്രേമചന്ദ്രന് ക്രമപ്രശ്നം ഉന്നയിച്ചു. പെന്ഷന് ചട്ടങ്ങള്‍ ധനബില്ലിന്റെ ഭാഗമായി അവതരിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പിന്‍വാതില്‍ നിയമനിർമാണത്തിലൂടെ ഇല്ലാതാക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കീഴ് വഴക്കങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ഉന്നയിച്ച ക്രമപ്രശ്നം നിരാകരിച്ച് റൂളിങ് നല്കിയ സ്പീക്കര്‍ ബിൽ പാസാക്കാനെടുത്തു.
വിമർശനവുമായി തരൂർ
രാജ്യത്തിന്റെ വളർച്ചയുടെയും വരുമാനത്തിന്റെയും എൻജിനായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അർഹമായ വരുമാന വിഹിതം കിട്ടുന്നില്ലെന്ന് ചർച്ചക്ക് തുടക്കമിട്ട ശശി തരൂർ ചൂണ്ടിക്കാട്ടി. ചരക്കുസേവന നികുതിയുടെ 28.5 ശതമാനവും കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ, ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതി വിഹിതമായി കൊടുക്കുന്നത് 15 ശതമാനം മാത്രം. അറ്റകുറ്റപ്പണിയുടെ ക്ലാസിക് ഉദാഹരണമാണ് നിർമലയുടെ ധനബിൽ. ബ്രേക്ക് നന്നാക്കാൻ കഴിയാത്തതിനാൽ ഹോണിന്റെ ശബ്ദം കൂട്ടിയ മെക്കാനിക്കിനെ പോലെയാണ് നിർമല ചെയ്തത്. മേൽക്കൂര നന്നാക്കാൻ കഴിയാത്തതിനാൽ കുട തരാമെന്നാണ് ധനമന്ത്രി പറയുന്നതെന്നും തരൂർ പരിഹസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.