പാർലമെന്റിലെ സുരക്ഷാ വീഴ്ച: ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിലെ സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ലോക്സഭ സെക്രട്ടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
ഇന്നലെയുണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് ഇന്ന് കനത്ത സുരക്ഷയാണ് പാർലമെന്റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. മകർ ദ്വാർ കവാടത്തിലൂടെ പാർലമെന്റിലേക്ക് എം.പിമാർക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.
പാർലമെന്റിൽ കയറിക്കൂടിയ ആക്രമികൾ ലോക്സഭയിൽ എം.പിമാർക്കിടയിലേക്ക് ചാടിവീണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു പുകത്തോക്ക് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൈസുരുവിൽനിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പാസിൽ സന്ദർശക ഗാലറിയിലെത്തി ലോക്സഭയിലേക്ക് ചാടിയിറങ്ങിയ ഉത്തർപ്രദേശിൽ നിന്നുള്ള സാഗർ ശർമയെയും മൈസുരു സ്വദേശി മനോരഞ്ജൻ ഗൗഡയെയും എം.പിമാർ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. പാർലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തിൽപെട്ട ഹരിയാനക്കാരി നീലവും മഹാരാഷ്ട്രയിൽനിന്നുള്ള അമോൾ ഷിൻഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയർത്തി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. ഇതിന് അരമണിക്കൂർ കഴിഞ്ഞായിരുന്നു ലോക്സഭക്ക് അകത്ത് കയറിയുള്ള അതിക്രമം.
സംഭവത്തിൽ ഇന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എം.പിമാർ ഉയർത്തിയത്. നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിഷേധം. തുടർന്ന് ലോക്സഭ ഉച്ചക്ക് രണ്ടുവരെ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.