എം.പിമാർക്ക് കോവിഡ് ഭീതി; പാർലമെന്‍റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കും
text_fieldsന്യൂഡൽഹി: എം.പിമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാൻ സാധ്യത. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തിൽ വിവിധ പാർട്ടികൾ സമവായത്തിലെത്തിയതായാണ് വിവരം. ഓർഡിനൻസുകൾക്ക് പകരമായി കൊണ്ടുവന്ന മുഴുവൻ ബില്ലുകളും അവതരിപ്പിച്ച ശേഷം സമ്മേളനം അവസാനിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
സെപ്റ്റംബർ 14ന് ആരംഭിച്ച പാർലമെന്‍റ് സമ്മേളനം ഒക്ടോബർ ഒന്നിന് അവസാനിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്.
കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ലാദ് പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചതോടെ എം.പിമാർക്കിടയിൽ കോവിഡ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. എം.പിമാർക്ക് പുറമേ പാർലമെന്‍റിലെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും പരിശോധനയുണ്ട്. റിപ്പോർട്ടേഴ്സിനും ദിവസേന ആന്‍റിജൻ പരിശോധന നടത്തുന്നുണ്ട്.
മന്ത്രിമാർ ഉൾപ്പടെ 30 എം.പിമാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 17 ലോക്സഭ അംഗങ്ങൾക്കും എട്ട് രാജ്യസഭ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചത്.
മുമ്പ് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ച ശേഷമാണ് കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിക്കും പ്രഹ്ലാദ് പട്ടേലിനും കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ബി.ജെ.പി രാജ്യസഭാംഗം വിനയ് സഹസ്രബുദ്ധക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.