മണിപ്പൂർ: മോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി
text_fieldsന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്കായി കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ലോക്സഭയുടെ അവതരണാനുമതി. അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് അനുമതി നൽകിയത്.
സ്പീക്കർ അംഗീകാരം നൽകുന്നതിന് മുമ്പായി മണിപ്പൂർ വിഷയത്തിലാണ് നോട്ടീസ് എന്ന് ഗൗരവ് ഗൊഗോയ് സഭയിൽ വിശദീകരിച്ചു. അതേസമയം, അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, അവിശ്വാസ പ്രമേയത്തെ എതിർത്തും ബി.ജെ.പി സർക്കാറിനെ പിന്തുണച്ചും വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി രംഗത്തെത്തി. പാർട്ടിയുടെ 22 എം.പിമാർ അവിശ്വാസ പ്രമേയത്തെ ലോക്സഭയിൽ എതിർക്കുമെന്ന് വി. വിജയശൈ റെഡ്ഡി എ.എൻ.ഐയോട് വ്യക്തമാക്കി.
ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം ഗൗരവ് ഗൊഗോയ് ഇന്ന് രേഖാമൂലം നോട്ടീസ് നൽകി. ഗൗരവ് ഗൊഗോയ് കൂടാതെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
മണിപ്പൂർ വിഷയത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെ മഴക്കാല പാർലമെന്‍റ് സമ്മേളനത്തിന്‍റെ നാലാം ദിവസവും ഇരുസഭകളിലും നടപടികൾ തടസപ്പെട്ടിരുന്നു. മണിപ്പൂർ വിഷയത്തിൽ മോദിയുടെ പ്രസ്താവനയോടെ പാർലമെന്‍റിൽ വിശദ ചർച്ച വേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷത്തിനുള്ളത്.
ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാൽ, പ്രമേയ ചർച്ചയിൽ സർക്കാറിനെ തുറന്നാക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരം ലഭിക്കും. മണിപ്പൂർ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാട് പൊതുശ്രദ്ധയിൽ കൊണ്ടുവരാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.