ലോക്സഭ: സർവേ പ്രതികൂലം; മഹാരാഷ്ട്രയിൽ പ്രമുഖരെ മത്സരിപ്പിക്കാൻ ബി.ജെ.പി
text_fieldsമുംബൈ: ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖരെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ട്. ബി.ജെ.പിക്കുവേണ്ടി ഈയിടെ സ്വകാര്യ കമ്പനി സർവേ നടത്തിയിരുന്നു.
മഹാരാഷ്ട്രയിലെ 48 ലോക്സഭ സീറ്റുകളിൽ ബി.ജെ.പി-ഷിൻഡെ പക്ഷ ശിവസേന-അജിത് പക്ഷ എൻ.സി.പി സഖ്യത്തിന് 24ഓളം സീറ്റുകളുടെ സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. 2019ൽ ബി.ജെ.പി 23ഉം ശിവസേന 18ഉം സീറ്റുകൾ നേടിയിരുന്നു. ഇത്തവണ ശിവസേന ഉദ്ധവ് പക്ഷം, എൻ.സി.പി, കോൺഗ്രസ് എം.വി.എ സഖ്യം ബി.ജെ.പിക്ക് പ്രതികൂലമാകും.
പരമാവധി സീറ്റുകൾ നേടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഫഡ്നാവിസിനു പുറമെ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കർ, പാർട്ടി മുംബൈ അധ്യക്ഷൻ ആശിഷ് സേലാർ, വിനോദ് താവ്ഡെ, പങ്കജ മുണ്ടെ, സുധീർ മുങ്കത്തീവാർ, ഗിരീഷ് മഹാജൻ, ചന്ദ്രകാന്ത് പാട്ടീൽ തുടങ്ങിയവരോടും ലോക്സഭയിലേക്ക് തയാറെടുക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രം താൽപര്യമുള്ള ഇവർക്ക് ലോക്സഭയിലേക്കു പോകാൻ താൽപര്യമില്ല. മഹാരാഷ്ട്രയിൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യനാകുമെന്ന പ്രതീക്ഷയിലാണ് ഫഡ്നാവിസ്.
ആശിഷ് സേലാറിനുവേണ്ടി മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിലെ സിറ്റിങ് എം.പിയും പ്രമോദ് മഹാജന്റെ മകളുമായ പൂനം മഹാജൻ വഴിമാറേണ്ടിവരും. ബീഡിൽ അനുജത്തി പ്രീതം മുണ്ടെക്കു പകരം പങ്കജ മുണ്ടെയെ മത്സരിപ്പിക്കാനാണ് തീരുമാനം. പങ്കജക്ക് താൽപര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.