ലോക്സഭ: മഹാരാഷ്ട്രയിൽ വി.ബി.എ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രകാശ് അംബേദ്കർ
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്ന് വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അധ്യക്ഷനും ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുമായി സഖ്യ ധാരണയിലായെങ്കിലും അവരും എൻ.സി.പിയും കോൺഗ്രസും ചേർന്നുള്ള മഹാവികാസ് അഗാഡിയിൽ (എം.വി.എ) ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല സൂചനകളില്ലാത്തതിനാലാണ് നീക്കമെന്ന് പ്രകാശ് അവകാശപ്പെട്ടു.
എം.വി.എ സഖ്യം നിലനിൽക്കുമെന്നതിൽ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. ശിവസേനയെ ഒപ്പം കൂട്ടുന്നതിൽ കോൺഗ്രസിൽ ഒരു പക്ഷം എതിരാണെന്നാണ് പ്രകാശിന്റെ വാദം. കോൺഗ്രസ് സഖ്യ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കി പ്രകാശ് ബി.ജെ.പിയെ സഹായിക്കുകയാണെന്ന ആരോപണമുണ്ട്. 2019ൽ കോൺഗ്രസുമായി സഖ്യ ചർച്ച നടത്തിയെങ്കിലും ഒടുവിൽ ആവശ്യങ്ങൾ പെരുപ്പിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു പ്രകാശ്. ആ വർഷം ലോക്സഭ തെരഞ്ഞെടുപ്പിൽ വി.ബി.എ കാരണം എട്ടു സീറ്റുകളാണ് കോൺഗ്രസ് സഖ്യത്തിന് നഷ്ടപ്പെട്ടത്. ആ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 32 സീറ്റുകളിലും കോൺഗ്രസ് സഖ്യത്തിന് വി.ബി.എ പ്രതികൂലമായി. തങ്ങൾ മതേതരവാദികളാണെന്നും ആർ.എസ്.എസ്, ബി.ജെ.പി പ്രത്യയശാസ്ത്രത്തെ എതിർക്കുന്നവരാണെന്നും അതിനാൽ രഹസ്യമായി ബി.ജെ.പിയെ സഹായിക്കുന്നുവെന്ന വാദത്തിൽ സത്യമില്ലെന്നും പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.