മുഡ കേസ്; ലോകായുക്ത പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പൊലീസ് ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ജനുവരി 27ന് കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ജനുവരി 25 നാലാം ശനിയാഴ്ചയും കോടതി അവധിയും ആയതിനാൽ ലോകായുക്ത പൊലീസ് ജനുവരി 24ന് സമർപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ലോകായുക്തയിലെ ഉദ്യോഗസ്ഥർ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കാൻ തയാറായിട്ടില്ല.
സിദ്ധരാമയ്യക്കും മറ്റുള്ളവർക്കുമെതിരെ 2024 സെപ്റ്റംബർ 27ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണയുടെ പരാതിയെ തുടർന്ന് ബംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ 25ന് മൈസൂരിലെ ലോകായുക്ത പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിൽ മൈസൂരു കേസരൂരിലുണ്ടായിരുന്ന 3.36 ഏക്കറോളം വരുന്ന ഭൂമിക്ക് പകരം 56 കോടി വിലയുള്ള 14 പ്ലോട്ട് മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അനുവദിച്ചെന്നാണ് ആരോപണം. എന്നാൽ, തന്റെ ഭാര്യയുടെ പേരിൽ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വിൽക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളിൽ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.
കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യാ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതൽ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കൽ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.