അനധികൃത സ്വത്ത് സമ്പാദന കേസ്; ഡി.കെ. ശിവകുമാറിനോട് രേഖകൾ തേടി ലോകായുക്ത
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കർണാടക ലോകായുക്ത ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനോട് രേഖകൾ തേടി. സി.ബി.ഐയിൽ നിന്നാണ് കേസ് ലോകായുക്തയിലേക്ക് മാറ്റിയത്.
“നിങ്ങൾക്കെതിരെയുള്ള സി.ബി.ഐ കേസ് ലോകായുക്തയിലേക്ക് മാറ്റി. സി.ബി.ഐ അന്വേഷണത്തിൽ നിങ്ങൾ വിവരങ്ങളും രേഖകളും സമർപ്പിച്ചു. ഇതേ രേഖകളും വിവരങ്ങളും ലോകായുക്തക്കും സമർപ്പിക്കുക”- ലോകായുക്ത ഡി.കെ ശിവകുമാറിന് അയച്ച നോട്ടീസിൽ പറയുന്നു.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ഊർജ മന്ത്രിയായിരിക്കെ അനധികൃതമായി 74.93 കോടി രൂപയുടെ സ്വത്ത് ശിവകുമാർ സമ്പാദിച്ചതായി സി.ബി.ഐ അവകാശപ്പെട്ടു. ശിവകുമാറിന്‍റെ ഓഫിസുകളിലും വസതികളിലും ആദായനികുതി വകുപ്പ് 2017-ൽ നടത്തിയ തിരച്ചിലിന്‍റെ അടിസ്ഥാനത്തിൽ ഇ.ഡി അദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
ഇ.ഡി അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സി.ബി.ഐ അനുമതി തേടി. 2019 സെപ്റ്റംബർ 25 ന് അന്നത്തെ സംസ്ഥാന സർക്കാർ അനുമതി നൽകുകയും ഒരു വർഷത്തിന് ശേഷം എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ ഡി.കെ ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചിരുന്നു. അനുമതി പിൻവലിച്ചത് ഹൈക്കോടതി അംഗീകരിച്ചതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം ലോകായുക്തക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.