അവിശ്വാസത്തിന് പ്രതിപക്ഷം ഒന്നിച്ച്
text_fieldsന്യൂഡൽഹി: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം സഖ്യകക്ഷിയായി രംഗത്തുവന്ന തെലുഗുദേശം പാർട്ടി (ടി.ഡി.പി) എൻ.ഡി.എ വിട്ടു. മോദിസർക്കാറിൽ പിരിമുറുക്കം വർധിപ്പിച്ച് വൈ.എസ്.ആർ കോൺഗ്രസിനു പിന്നാലെ ടി.ഡി.പിയും ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. കോൺഗ്രസും സി.പി.എമ്മും അടക്കം രണ്ടു ഡസനോളം പാർട്ടികളുടെ പിന്തുണ പ്രമേയത്തിനുണ്ട്.
പാർലമെൻറിലെ ബഹളത്തിെൻറ പേരുപറഞ്ഞ് രണ്ട് അവിശ്വാസ പ്രമേയ നോട്ടീസുകളും സ്പീക്കർ മാറ്റിവെച്ചെങ്കിലും, തിങ്കളാഴ്ച വീണ്ടും പരിഗണനെക്കത്തും. നേരിയ ഭൂരിപക്ഷത്തോടെ അവിശ്വാസ പ്രമേയം മറികടക്കാൻ ബി.ജെ.പിക്ക് കഴിയുന്ന വിധത്തിലാണ് നിലവിൽ സീറ്റുനില. എന്നാൽ പ്രതിപക്ഷ, പ്രാദേശിക പാർട്ടികളും സഖ്യകക്ഷികളുമെല്ലാം ബി.ജെ.പിയെ ഒന്നിച്ചെതിർക്കുന്നത് മോദിസർക്കാർ നേരിടുന്ന വിശ്വാസരാഹിത്യത്തിനും 2019ലെ തെരഞ്ഞെടുപ്പു വെല്ലുവിളിക്കും തെളിവായി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രഖ്യാപിച്ച് അധിക ധനസഹായം നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാർലമെൻറിലും പുറത്തും ടി.ഡി.പി നടത്തിവരുന്ന പ്രതിഷേധമാണ് സഖ്യം വിട്ട് സർക്കാറിനെതിരെ അവിശ്വാസം കൊണ്ടുവന്നതിൽ കലാശിച്ചത്. സംസ്ഥാനത്ത് പ്രധാന എതിരാളികളായ വൈ.എസ്.ആർ കോൺഗ്രസ് വ്യാഴാഴ്ചതന്നെ മോദിസർക്കാറിനെതിരെ ലോക്സഭയിൽ അവിശ്വാസ നോട്ടീസ് നൽകിയിരുന്നു.
പുതിയ സംസ്ഥാനമായി മാറിയ ആന്ധ്രയിൽ വികസനം ഇഴയുന്നതുമൂലം കടുത്ത ജനരോഷം നേരിടുകയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇത് അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മുതലാക്കാനുള്ള ശ്രമത്തിലാണ് ജഗൻ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആർ കോൺഗ്രസ്. കേന്ദ്ര സർക്കാറിനെതിരെ അവിശ്വാസം കൊണ്ടുവന്നത് ഇൗ തന്ത്രത്തിെൻറകൂടി ഭാഗമാണ്.
വൈ.എസ്.ആർ കോൺഗ്രസിെൻറ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാമെന്നാണ് ടി.ഡി.പി ആദ്യം തീരുമാനിച്ചത്. എന്നാൽ, ജഗെൻറ അവിശ്വാസ പ്രമേയത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് സ്വന്തംനിലക്ക് ലോക്സഭയിൽ നോട്ടീസ് നൽകുകയായിരുന്നു. മോദി-ജഗൻ ഒത്തുകളി ആദ്യ അവിശ്വാസ പ്രമേയത്തിലുണ്ടെന്ന് ചന്ദ്രബാബു നായിഡു ആരോപിക്കുന്നു.
മോദിമന്ത്രിസഭക്കെതിരെ രണ്ട് അവിശ്വാസപ്രമേയങ്ങൾ കിട്ടിയിട്ടുണ്ടെന്ന് സ്പീക്കർ സുമിത്ര മഹാജൻ സഭയെ അറിയിച്ചപ്പോൾ, സോണിയ ഗാന്ധി അടക്കം സഭയിൽ ഉണ്ടായിരുന്ന കോൺഗ്രസ്, സി.പി.എം, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ പാർട്ടികളിലെ അംഗങ്ങൾ പിന്തുണക്കുന്നതായി കൈ ഉയർത്തിക്കാട്ടി. എന്നാൽ, എ.െഎ.എ.ഡി.എം.കെ, ടി.ആർ.എസ് തുടങ്ങിയ കക്ഷികൾ നടുത്തള സമരം തുടർന്നു. ബഹളാന്തരീക്ഷത്തിൽ പ്രമേയ നോട്ടീസ് മാറ്റിവെക്കുന്നതായി അറിയിച്ച് സ്പീക്കർ മുഴുദിവസത്തേക്ക് സഭാനടപടികൾ നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.