കൊലവെറി, സസ്പെൻഷൻ: പ്രതിപക്ഷം സമരമുഖത്ത്
text_fieldsന്യൂഡൽഹി: നിരപരാധികളുടെ ജീവനെടുക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ, അതിൽ പാർലമെൻറിൽ പ്രതിഷേധിച്ചവരെ സസ്പെൻഡ് ചെയ്ത നടപടി എന്നിവക്കെതിരായ ഒച്ചപ്പാടുമൂലം ലോക്സഭനടപടി ബുധനാഴ്ചയും സ്തംഭിച്ചു. മൂന്നുവട്ടം സഭനടപടി നിർത്തിവെക്കേണ്ടിവന്നു. കൊലവെറിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന് കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഹിന്ദുവും മുസ്ലിമും സിഖുമെല്ലാം ഇൗ രാജ്യത്ത് സഹോദരന്മാരാണെന്ന് പ്രതിഷേധക്കാർ വിളിച്ചുപറഞ്ഞു. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ എന്നിവരടക്കം പുറത്താക്കപ്പെട്ട ആറ് കോൺഗ്രസ് അംഗങ്ങളെ തിരിച്ചെടുക്കണമെന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ തൃണമൂൽ കോൺഗ്രസും പങ്കുചേർന്നു.
പ്രതിപക്ഷബഹളം വകവെക്കാതെ സ്പീക്കർ സുമിത്ര മഹാജൻ ചോദ്യോത്തരവേള മുന്നോട്ടുകൊണ്ടുപോയി. ശൂന്യവേളയും ഭാഗികമായി നടന്നു. പശുസംരക്ഷണത്തിെൻറ പേരിലുള്ള ആക്രമണങ്ങൾ സംബന്ധിച്ച വിഷയം ഉയർത്താൻ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല.
സഭയിൽ സർക്കാർ ഇരട്ടത്താപ്പും സ്വേച്ഛാധിപത്യവും കാട്ടുന്നെന്ന് സസ്പെൻഷനിലുള്ള എം.പിമാർക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങളെ പുറത്താക്കുകയും പാർലമെൻറിനുള്ളിൽ ചിത്രമെടുത്തതിന് എ.എ.പി അംഗം ഭഗവന്ത്സിങ് മാനിനെ സഭയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്ത സ്പീക്കർ ബി.ജെ.പിക്കാരനായ അനുരാഗ് ഠാകുറിനോട് മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. അനുരാഗ് സഭയിൽ മൊബൈലിൽ ചിത്രമെടുത്തു. എന്നാൽ, േഖദം പ്രകടിപ്പിച്ചെന്ന വിശദീകരണേത്താടെ അനുരാഗിനെ നടപടിയിൽനിന്ന് ഒഴിവാക്കി. പാർലമെൻറിനോടുള്ള ഉത്തരവാദിത്തം നിറേവറ്റുന്നതിൽനിന്ന് പ്രധാനമന്ത്രി ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണെന്ന് ഖാർഗെ േചാദിച്ചു. ജനാധിപത്യരാജ്യത്ത് ബി.ജെ.പി ഫാഷിസ്റ്റ് രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.