ജാതി-ലിംഗ വിവേചനം: പുതുച്ചേരിയിലെ ഏക വനിത മന്ത്രി രാജിവെച്ചു
text_fieldsപുതുച്ചേരി: ജാതി-ലിംഗ വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പുതുച്ചേരിയിൽ ദലിത് വിഭാഗക്കാരിയായ ഏക വനിത മന്ത്രി രാജിവെച്ചു. ബി.ജെ.പി-എ.ഐ.എൻ.ആർ.സി മന്ത്രിസഭയിലെ ഏക വനിതാ അംഗമായ എസ്. ചന്ദിര പ്രിയങ്കയാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. കേന്ദ്രഭരണ പ്രദേശത്തിന്‍റെ കായിക മന്ത്രിയായിരുന്നു ചന്ദിര.
കഴിഞ്ഞ ദിവസം രാജിക്കത്ത് പ്രിയങ്ക മുഖ്യമന്ത്രി എൻ. രംഗസാമിക്ക് കൈമാറിയിരുന്നു. 40 വർഷത്തിന് ശേഷം 2021ലാണ് പുതുച്ചേരിയിൽ ഒരു വനിതാ മന്ത്രി സ്ഥാനമേൽക്കുന്നത്. പുതുച്ചേരിയിലെ കാരയ്ക്കലിൽ പട്ടികജാതി വിഭാഗത്തിന്റെ സംവരണ മണ്ഡലമായ നെടുങ്കാടിൽ നിന്നാണ് പ്രിയങ്ക തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ് താൻ നിയമസഭയിലെത്തിയതെങ്കിലും ഗൂഢാലോചനയുടെ രാഷ്ട്രീയത്തെ മറികടക്കുക എളുപ്പമല്ല എന്നായിരുന്നു രാജിക്കത്ത് പങ്കുവെച്ച് കൊണ്ട് മന്ത്രി ട്ലിറ്ററിൽ കുറിച്ചത്. "പണത്തിനുമേലുള്ള രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരാൻ സാധിക്കുന്നില്ല. ഗൂഢാലോചനയുടെ രാഷ്ട്രീയ്തെ മറികടക്കുക എളുപ്പമല്ല. എന്‍റെ ദലിത് സത്വത്തെ കുറിച്ചുള്ള അഭിമാനമാണ് പ്രശ്നമെന്ന് എനിക്കറിയില്ലായിരുന്നു. തുടർച്ചയായി എന്‍റെ തൊഴിലിടത്തിൽ ഞാൻ ജാതി വിവേചനത്തിനും ലിംഗവിവേചനത്തിനും ഇരയായിക്കൊണ്ടിരുന്നു" അവർ എക്സിൽ കുറിച്ചു. രാജിവെച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ചന്ദിര കൂട്ടിച്ചേർത്തു.
അതേസമയം ചന്ദിര പ്രിയങ്കയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി എൻ. രംഗസാമിയെ സമീപിച്ച മാധ്യമങ്ങളോട് താൻ ആരെയും ചർച്ചക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.