'രാജ്യത്തെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം'; പി.എഫ്.ഐ നിരോധനത്തിൽ ബസവരാജ് ബൊമ്മൈ
text_fieldsബംഗളൂരു: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് സ്വാഗതം ചെയ്ത് കർണാടക ബി.ജെ.പി. രാജ്യത്തെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
സി.പി.ഐ, സി.പി.ഐ(എം), കോൺഗ്രസ് ഉൾപ്പടെയുള്ള എല്ലാ പാർട്ടികളുടെയും രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഇത്. സിമി (സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ), കെ.എഫ്.ഡി (കർണാടക ഫോറം ഫോർ ഡിഗ്നിറ്റി) എന്നിവയുടെ പുതിയ അവതാരമാണ് പി.എഫ്.ഐ എന്നും ബൊമ്മൈ പറഞ്ഞു.
"അവർ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി ധാരാളം അക്രമങ്ങളിൽ ഏർപ്പെട്ടു. പ്രവർത്തകർക്ക് രാജ്യത്തിന് പുറത്ത് നിന്ന് വരെ പരിശീലനം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്‍റും അമിത് ഷായും ശരിയായ നടപടിയാണ് സ്വീകരിച്ചത്"- ബൊമ്മൈ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു ഗ്രൂപ്പും രാജ്യത്ത് അതിജീവിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എഫ്.ഐ നിരോധനത്തെ കർണാടക കോൺഗ്രസും സ്വാഗതം ചെയ്തു. ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യത്തിനും ഭീഷണിയുയർത്തുന്ന ഏതൊരു സംഘടനയെയും പിഴുതെറിയണമെന്ന് കോൺഗ്രസ് നിയമസഭാംഗവും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കമ്മ്യൂനിക്കേഷൻ സെൽ ചെയർമാനുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.