ഇനി 24 ആഴ്ച വരെ ഗർഭച്ഛിദ്രമാകാം; നിയമഭേദഗതി നിലവിൽവന്നു
text_fieldsന്യൂഡൽഹി: രണ്ട് ഡോക്ടർമാരുടെ റിപ്പോർട്ടുണ്ടെങ്കിൽ 24ാം ആഴ്ചയിലും ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന നിയമഭേദഗതി നിലവിൽ വന്നു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായവർ ഗർഭം ധരിച്ചാലും ഗർഭച്ഛിദ്രത്തിന് ഈ അനുമതി നൽകും.
ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് സർക്കാർ രൂപവത്കരിക്കുന്ന പ്രത്യേക െമഡിക്കൽ ബോർഡ് വിലയിരുത്തും. ഇവരാണ് അന്തിമാനുമതി നൽകുക. ഗൈനക്കോളജിസ്റ്റ്, ശിശുരോഗവിദഗ്ധർ, റേഡിയോളജിസ്റ്റ്, സർക്കാർ പ്രതിനിധി എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ഇത്തരം ബോർഡുകൾ ഉടൻ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
20 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെ പരിശോധനാ റിപ്പോർട്ട് മതി. 20 മുതൽ 24 വെര ആഴ്ചയായാൽ രണ്ട് ഡോക്ടർമാർ പരിശോധിച്ച് െമഡിക്കൽ ബോർഡിന് റിപ്പോർട്ട് നൽകണം. ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്‌നങ്ങൾ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും ഗർഭഛിദ്രം നടത്താനും അനുമതി ലഭിക്കും. ഗർഭനിരോധന മാർഗങ്ങൾ അവലംബിച്ചിട്ടും വീഴ്ചയെ തുടർന്ന് ഗർഭിണിയായാൽ മാതാവിന്‍റെ മാനസികാരോഗ്യം കണക്കിലെടുത്ത് 20 ആഴ്ചക്കുള്ളിൽ ഗർഭഛിദ്രം നടത്താം. മെഡിക്കൽ ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
നിലവിൽ പ്രത്യേക സാഹചര്യങ്ങളിൽ 20 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് അനുമതിയുണ്ടായിരുന്നു. 12 ആഴ്ച വരെ ഒരു ഡോക്ടറുടെയും 12 മുതൽ 20 ആഴ്ചവരെ രണ്ട് ഡോക്ടർമാരുടെയും റിപ്പോർട്ടായിരുന്നു പരിഗണിച്ചിരുന്നത്. ഈ നിയമമാണ് ഇപ്പോൾ ഭേദഗതി വരുത്തിയത്.
ഗർഭഛിദ്രം നടത്തിയ സ്ത്രീയുടെ വിവരങ്ങൾ നിയമപരമായ ആവശ്യങ്ങൾക്കല്ലാതെ വെളിപ്പെടുത്താൻ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കും.
മുംബൈയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നിഖിൽ ദത്തറിന്‍റെ 2008 മുതലുള്ള നിയമപോരാട്ടം കൂടിയാണ് ഇതോടെ ഫലം കാണുന്നത്. തന്‍റെ ചികിത്സയിലുള്ള സ്ത്രീയുടെ ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗവും തലച്ചോറിലെ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് അന്ന് ഡോ. ദത്തർ കോടതി കയറിയത്. 20 ആഴ്ചത്തെ സമയപരിധി 24 ആക്കണമെന്നായിരുന്നു ആവശ്യം. തലച്ചോറിലെയും ഹൃദയത്തിലെയും ചില തകരാറുകൾ 20ം ആഴ്ച വരെ സ്കാനിങ്ങുകളിൽ കാണില്ലെന്നതായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ആദ്യം ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, 20 ആഴ്ച പിന്നിട്ട 200ലധികം കേസുകളിൽ അബോർഷന് അനുമതി തേടി കോടതി കയറിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.