ബംഗളൂരു മയക്കുമരുന്ന് കേസ്: കർണാടക മുൻ മന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
text_fieldsബംഗളൂരു: സിനിമാ താരങ്ങൾ ഉൾപ്പെട്ടെ ബംഗളൂരു മയക്കുമരുന്ന് കേസിൽ കർണാടക മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. മന്ത്രി പുത്രനും റിസോർട്ട് ഉടമയുമായ ആദിത്യ ആല്‍വ മയക്കുമരുന്ന് പാർട്ടികൾ സംഘടിച്ചതായി തെളിഞ്ഞിരുന്നു. തുടർന്ന് ആദിത്യ ഒളിവിൽ പോവുകയായിരുന്നു.
ആദിത്യ ആൽവക്കെതിരെ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ആദിത്യ ആല്വക്ക്് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിനിമ നിർമാതാവുമായ ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ത്രിവേദിയുടെ അടുത്ത സുഹൃത്താണ് ശിവപ്രകാശ് ചിപ്പി.
ഒളിവില്‍ കഴിയുന്ന ശിവപ്രകാശ് ചിപ്പിയും ആദിത്യ ആല്‍വയും രാജ്യം വിട്ടുപോയിട്ടില്ല എന്ന വിവരം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ജോയിൻറ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ആദിത്യ ബംഗളൂരുവിലുൾപ്പെടെ ലഹരിമരുന്ന് പാർട്ടികൾ നടത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ആദിത്യ ഒളിവിൽ പോവുകയായിരുന്നു. സെപ്തംബർ 14ന് ആദിത്യയുടെ ഉടമസ്ഥതയിൽ ഹെബ്ബാളിലുള്ള 'ഹൗസ് ഓഫ് ലൈഫ്' എന്ന പേരിലുള്ള ബംഗ്ലാവിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹെബ്ബാൾ തടാകത്തിന് സമീപം നാല് ഏക്കർ സ്ഥലത്തായി നിർമിച്ച ആഢംബര ബംഗ്ലാവിൽ ലഹരിമരുന്ന് പാർട്ടികൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അറസ്റ്റിലായ നടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കർണാടക മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദി, സഞ്ജന ഗിൽറാണി, വിരേൻ ഖാൻ, രാഹുൽ, ബി.കെ രവിശങ്കർ എന്നിവരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ട 15 പേരിൽ ഒമ്പതുപേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.