'ഭഗവാൻ കൃഷ്ണൻ ശപിച്ചിരിക്കും'; അഖിലേഷ് യാദവിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയാണ് ഉത്തർപ്രദേശ്. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സംസ്ഥാനത്തെ പ്രധാന ചർച്ച വിഷയം ഭഗവാൻ കൃഷ്ണനാണ്. ഉത്തർപ്രദേശ് രാമരാജ്യമാക്കുന്നതിന് സമാജ്വാദി പാർട്ടി അധികാരത്തിലെത്തുമെന്ന് ശ്രീകൃഷ്ണൻ ദിവസവും രാത്രി സ്വപ്നത്തിലെത്തി തന്നോട് അരുൾ ചെയ്യാറുണ്ടെന്ന് പറഞ്ഞ അഖിലേഷ് യാദവിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അധികാരത്തിലിരിക്കുമ്പോൾ മഥുരയ്ക്കും വൃന്ദാവനത്തിനും വേണ്ടി ഒന്നും ചെയ്യാതിരുന്നവരെ ഭഗവാൻ കൃഷ്ണൻ ശപിച്ചിരിക്കുമെന്നാണ് അഖിലേഷിനു മറുപടിയായി അദ്ദേഹം പറഞ്ഞത്. അലിഖണ്ഡിൽ സർക്കാർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ചില ആളുകൾ അവരുടെ സ്വപ്നങ്ങളിൽ ഭഗവാൻ കൃഷ്ണനെ കാണുകയും അവരുടെ പരാജയങ്ങളിൽ ഇപ്പോഴെങ്കിലും കരയാൻ കൃഷ്ണൻ അവരോട് പറയുകയും ചെയ്തിട്ടുണ്ടാകും. നിങ്ങൾക്ക് സാധിക്കാത്തത് ബി.ജെ.പി സർക്കാർ ചെയ്തു. ഭഗവാൻ കൃഷ്ണൻ അവരെ ശപിച്ചിരിക്കും. നിങ്ങൾ അധികാരത്തിലിരുന്നപ്പോൾ മഥുര, വൃന്ദാവനം തുടങ്ങിയ സ്ഥലങ്ങൾക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ഭഗവാൻ അവരോട് പറഞ്ഞിട്ടുണ്ടാകും' -യോഗി പറഞ്ഞു.
അഖിലേഷ് യാദിവിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്ന സമാജ്വാദി പാർട്ടി, അധികാരത്തിലേറുമ്പോൾ യു.പിയിൽ രാമരാജ്യം സൃഷ്ടിക്കുമെന്ന് കൃഷ്ണൻ പറഞ്ഞതായാണ് അഖിലേഷിന്‍റെ അവകാശ വാദം. സമാജ്വാദിന്റെ (സോഷ്യലിസം) പാതയാണ് രാമരാജ്യത്തേക്കുള്ള വഴി. സമാജ്വാദ് അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിതമാകും' -എസ്.പി നേതാവ് പറഞ്ഞു. സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പരാജയമാണെന്നും അഖിലേഷ് കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.