കേരള ലോട്ടറി മറയാക്കി തമിഴ്നാട്ടിൽ ചൂതാട്ടം
text_fieldsചെന്നൈ: കേരള സംസ്ഥാന ലോട്ടറി ഫലത്തിെൻറ ചുവടുപിടിച്ച് തമിഴ്നാട്ടിൽ മൂന്നക്ക ന മ്പർ ചൂതാട്ടം സജീവം. വിൻവിൻ, കാരുണ്യ, അക്ഷയ, നിർമൽ, പൗർണമി തുടങ്ങിയ ലോട്ടറികളുടെ പേരിലാണ് ചൂതാട്ടം അരങ്ങേറുന്നത്.
ഒന്നാം സമ്മാനം ലഭിക്കുന്ന കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കമാണ് തമിഴ്നാട്ടിലെ വിജയ നമ്പർ.
മൂന്നക്കവും ശരിയാവുന്നവർക്ക് 5,000 മുതൽ ഒരു ലക്ഷം രൂപ വരെ സമ്മാനം കിട്ടും. പത്ത് രൂപയുടെ ടിക്കറ്റിന് അയ്യായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടക്കം ശരിയായാൽ രണ്ടായിരം രൂപയും ഒരക്കം മാത്രമാണെങ്കിൽ നൂറു രൂപയും ലഭിക്കും. ചില ഏജൻസികൾ മൂന്നക്ക നമ്പറിന് 100 രൂപ വരെ ഈടാക്കുന്നുണ്ട്.
വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെ മൂന്നക്ക നമ്പർ അയച്ചുകൊടുത്ത് ഡിജിറ്റൽ പേമെൻറ് ആപ്പുകൾ വഴിയാണ് പണമടക്കുന്നത്. ചെറിയ കടലാസിൽ മൂന്നക്ക നമ്പർ എഴുതി നൽകുന്ന രീതിയുമുണ്ട്.
എഴുത്ത് ലോട്ടറിെയന്നാണ് ഇത് അറിയപ്പെടുന്നത്. യൂട്യൂബിൽ ഇത്തരം ഏജൻസികളുടെ പരസ്യവും ധാരാളം.
ലോട്ടറി: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: വിഴുപ്പുറത്ത് മൂന്നക്ക ലോട്ടറിയെടുത്ത് കടക്കെണിയിലായ യുവാവും കുടുംബവും ജീവനൊടുക്കി. സ്വർണപ്പണിക്കാരനായ വിഴുപ്പുറം സിത്തേരിക്കരൈ എം. അരുൺകുമാർ (33), ഭാര്യ ശിവകാമി (26), മക്കളായ പ്രിയദർശനി (നാല്), യുവശ്രീ (മൂന്ന്), ഭാരതി (അഞ്ചു മാസം) എന്നിവരാണ് മരിച്ചത്. ഭാര്യക്കും മക്കൾക്കും സയനൈഡ് നൽകി കൊലപ്പെടുത്തിയശേഷം അരുൺ ആത്മഹത്യ ചെയ്യുകയായിരുന്നു.
ജീവനൊടുക്കാനുള്ള തീരുമാനം അരുൺ വാട്സ്ആപ് വിഡിയോ വഴി സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മൂന്നക്ക ലോട്ടറി നിരോധിക്കണമെന്നും അതിലൂടെ തന്നെപ്പോലെ നിരവധിപേരെ രക്ഷിക്കാനാവുമെന്നും ഇതിൽ അരുൺ പറയുന്നു. സംഭവം ഒച്ചപ്പാടായതോടെ വിഴുപ്പുറത്ത് പൊലീസ് വ്യാപക റെയ്ഡ് നടത്തി 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.