ഉച്ചഭാഷിണി തർക്കം: രാജ് താക്കറെക്ക് എതിരെ നടപടിയുമായി മഹാരാഷ്ട്ര പൊലീസ്
text_fieldsമുംബൈ: ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്കു മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന അന്ത്യശാസനത്തെ തുടർന്ന് രാജ്താക്കറെക്കും എം.എൻ.എസ് നേതാക്കൾക്കുമെതിരെ നടപടിയുമായി പൊലീസ്. വിഷയത്തിൽ സെക്ഷൻ 149 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔറംഗാബാദ് കമീഷണർക്കാണ് അന്വേഷണ ചുമതല. കമീഷണർ ആർക്കെതിരെയും നടപടിയെടുക്കാൻ പ്രാപ്തമാണെന്നും അദ്ദേഹം രാജ് താക്കറെയുടെ റാലിയുടെ വീഡിയോകൾ പരിശോധിക്കുകയാണെന്നും തെറ്റ് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി രജനീഷ് സേത്ത് പറഞ്ഞു.
മറ്റ് പല രാഷ്ട്രീയ പാർട്ടികളും സംഘടനകളും നേതാക്കളും രാജ് താക്കറെയുടെ നിലപാടിനെ എതിർത്തതായി നോട്ടീസിൽ പറയുന്നു. എം.എൻ.എസ് നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങൾ സമൂഹത്തിൽ വിള്ളലുണ്ടാക്കുന്നുവെന്നും ഇത് സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയ്ക്ക് കാരണമായേക്കുമെന്നും നോട്ടീസിൽ കൂട്ടിച്ചേർത്തു.
രാജ് താക്കറെയുടെയോ ഏതെങ്കിലും നേതാവിന്‍റെയോ പ്രസംഗങ്ങളിൽ എന്തെങ്കിലും അനിഷ്ടകരമായ സാഹചര്യം ഉണ്ടായാൽ നടപടിയെടുക്കുമെന്ന് എം.എൻ.എസിന് മുന്നറിയിപ്പ് നൽകി, അവരുടെ പ്രവൃത്തികൾ പൊതുമുതൽ നശിപ്പിച്ചാൽ അവരിൽ നിന്ന് പണം ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
മുസ്ലീം പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ ഉച്ചഭാഷിണിയിൽ ചൊല്ലാൻ എംഎൻഎസ് പ്രവർത്തകരോട് രാജ് താക്കറെ ആഹ്വാനം ചെയ്തത് നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. വിഷയത്തിൽ രാജ് താക്കറെ മഹാരാഷ്ട്ര സർക്കാരിനെ ഭീഷണിപ്പെടുത്തിയതായും നോട്ടീസിൽ പരാമർശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.