തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സൃഷ്ടിക്കുന്ന പ്രഹസനനാടകമാണ് 'ലവ് ജിഹാദെ'ന്ന് നഗ്മ
text_fieldsന്യൂഡൽഹി: ഇലക്ഷൻ സമയത്ത് ബി.ജെ.പി സൃഷ്ടിക്കുന്ന പ്രഹസനനാടകമാണ് 'ലവ് ജിഹാദ്' എന്ന് നടിയും മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ നഗ്മ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ബി.ജെ.പിയും കൂട്ടരും ഈ ഇല്ലാക്കഥകളുമായി രംഗത്തുവന്നിട്ടുള്ളത്. തങ്ങളുടെ അവകാശവാദങ്ങൾ ശരിയാണെന്ന് സമർഥിക്കാനുള്ള വസ്തുതകളും രേഖകളുമൊന്നും ഇവരുടെ പക്കലില്ലെന്നും നഗ്മ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
ലവ് ജിഹാദ് ആരോപണവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമീഷന്‍റെ തെറ്റായ സൂചനകൾ അന്തരീക്ഷം ദുഷിപ്പിക്കാനേ ഉപകരിക്കൂവെന്നും നഗ്മ അഭിപ്രായപ്പെട്ടു. ലൗ ജിഹാദ് ആരോപണങ്ങളിലെ കള്ളത്തരം തുറന്നുകാട്ടി ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ലിങ്ക് ഉൾപ്പെടെയാണ് നഗ്മയുടെ ട്വീറ്റ്.
കേരളത്തിൽ ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ലവ് ജിഹാദ് വിഷയത്തിൽ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയ തലത്തിലും ഇത് ചർച്ചയായത്. ''ലവ് ജിഹാദ് ഒരു സാമൂഹിക പ്രശ്നമാണ്. ഇക്കാര്യത്തിൽ ചില കേസുകൾ സംബോധന ചെയ്യപ്പെടേണ്ടതാണ്. ഞങ്ങളുടെ പാർട്ടി തീർച്ചയായും അവ അഭിസംബോധന ചെയ്യും. ഇതുപോലുള്ളവ സംഭവിക്കുന്നുണ്ടെങ്കിൽ അവ മുഖവിലക്കെടുക്കേണ്ടതു തന്നെയാണ്. '' ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ജോസ് കെ.മാണി പറഞ്ഞു. ഇതിന്പിന്നാലെ കേരളത്തിലെ ഒരു ടെലിവിഷൻ ചാനലിനോടും ഇതാവർത്തിച്ചു.
ലവ് ജിഹാദ് വിഷയത്തിൽ തന്‍റെ പ്രസ്താവന വിവാദമായതോടെ, ഇടതുസർക്കാറിന്‍റെ വികസനപ്രവർത്തനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന പ്രതികരണവുമായി ജോസ് രംഗത്തെത്തുകയായിരുന്നു. ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളിലൊന്നായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപെടെയുള്ളവർ ജോസിന്‍റെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. ലൗ ജിഹാദ് മതമൗലികവാദികളുടെ പ്രചാരണമാണെന്ന് രൂക്ഷമായ ഭാഷയിൽ കാനം പ്രതികരിച്ചതോടെ കോരള കോൺഗ്രസ് (എം) ഒറ്റപ്പെടുന്ന അവസ്ഥയിലായി. അതോടെയാണ്, അത്തരം കാര്യങ്ങളല്ല ചർച്ചയാകേണ്ടതെന്ന് പറഞ്ഞ് പാലായിലെ ഇടതു സ്ഥാനാർഥി കൂടിയായ ജോസ് മലക്കംമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.