യു.പി.എസ്.സി ജിഹാദ്' ; ഈയൊരു ഷോയിലൂടെ എന്തുമാത്രം പേയിളകും?
text_fieldsന്യൂഡല്‍ഹി: സിവില്‍ സര്‍വിസില്‍ ഈ പരിപാടിയിലൂടെ എന്തുമാത്രം പേയിളകുമെന്ന് സുദര്ശന് ടി.വിയുടെ 'യു.പി.എസ്.സി ജിഹാദ്' പരിപാടിയെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് രോഷത്തോടെ ചോദിച്ചു. സിവില്‍ സര്‍വിസ് അഭിമുഖീകരിക്കുന്ന ഒരു സമുദായത്തെ ലക്ഷ്യമിടുക! ഈ ചെയ്യുന്ന പണിയിലൂടെ താങ്കളുടെ കക്ഷി ദുഷ്പ്രവൃത്തിയാണ് ചെയ്യുന്നതെന്നും സുദര്ശന് ടി.വിയുടെ അഭിഭാഷകനെ ജസ്റ്റിസ് ഓര്‍മപ്പെടുത്തി.
പതുങ്ങിയിരുന്ന് ആക്രമിക്കാനുള്ള ശ്രമത്തില്‍ സിവില്‍ സര്‍വിസില്‍ നുഴഞ്ഞുകയറുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാക്കി ചിത്രീകരിച്ച് മുസ്ലിം സമുദായത്തെ നിന്ദിക്കാനുള്ളതാണ് പരിപാടിയെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ഒരു ജനാധിപത്യ സമൂഹത്തിെൻറ സൗധവും ഭരണഘടന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സമുദായങ്ങളുടെ പരസ്പര സഹവര്‍ത്തിത്വത്തിെൻറ അടിസ്ഥാനത്തിലാണ്. ഏതെങ്കിലും ഒരു സമുദായത്തെ നിന്ദിക്കാനുള്ള ശ്രമത്തെ നീരസത്തോടുകൂടി കാണണം. ഇലക്ട്രോണിക് മാധ്യമങ്ങളുടെ പരിധി അസാധാരണമാംവിധം വലുതും വിശാലവുമാണ്. പ്രത്യേക സമുദായങ്ങളെ ലക്ഷ്യമിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രബിന്ദു ആകാന്‍ ചാനലുകള്‍ക്ക് കഴിയുമെന്നും ചന്ദ്രചൂഡ് പറഞ്ഞു. ഇലക്ട്രോണിക് മാധ്യമങ്ങളുടെ കാര്യത്തില്‍ അഞ്ച് ഉന്നത വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കണമെന്ന അഭിപ്രായത്തിലാണ് ഞങ്ങള്‍. അവര്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ചില മാനദണ്ഡങ്ങള്‍ കൊണ്ടുവരട്ടെ.
ഞങ്ങള്‍ക്ക് നിയന്ത്രണ സംവിധാനങ്ങളുണ്ടെന്നും അതിനൊരു വേദിയുണ്ടെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അഭിഭാഷകന് അറിയിച്ചപ്പോള്‍, അതെയോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പരിഹാസത്തോടെ തിരിച്ചുചോദിച്ചു. കാര്യങ്ങളൊക്കെ ഭംഗിയായി പോകുകയായിരുന്നുവെങ്കില്‍ ടി.വിയില്‍ നാം എന്നും കണ്ടുകൊണ്ടിരിക്കുന്നതൊന്നും കാണേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം തിരിച്ചടിച്ചു. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് ശ്യാം ദിവാനെ കോടതിക്ക് കേസില്‍ അമിക്കസ് ക്യൂറിയായി നിയമിക്കാമായിരുന്നുവെന്നും എന്നാല്‍, അദ്ദേഹം ഈ സുദര്ശന് ടി.വിക്ക് വേണ്ടി ഹാജരായതോടെ അത്തരമൊരു ചോദ്യമില്ലാതായെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു.
അമേരിക്കന്‍ ഭരണഘടന അനുവദിച്ചപോലൊരു സ്വാതന്ത്ര്യം മാധ്യമങ്ങള്‍ അനുവദിക്കുന്നില്ല എന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. പല ചാനലുകളും ആങ്കര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി പറയുന്നവരെ മ്യൂട്ട് ചെയ്ത് നിശ്ശബ്ദരാക്കും. ഇത് അനീതിയാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.